അണ്ടത്തോട്: അണ്ടത്തോട് ജാറത്തില്‍ ചന്ദനക്കുടം കൊടികുത്ത് കാഴ്ചനേര്‍ച്ചയ്ക്ക് തുടക്കമായി. ചന്ദനക്കുടവുമായി അണ്ടത്തോട് ബീച്ച് ചാലില്‍ സുലൈമാന്റെ വസതിയില്‍നിന്ന് ആദ്യ കാഴ്ച ജാറത്തില്‍ലെത്തി കൊടി ഉയര്‍ത്തി.
തുടര്‍ന്ന് ജാറം സിയാറത്തിന് മുഹമ്മദ് മുസ്ലിയാര്‍ പട്ടിക്കാട് നേതൃത്വം നല്‍കി. ചന്ദനക്കുടത്തില്‍ നിറച്ച ചക്കര വെള്ളം വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ആനകളുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ പതിനഞ്ച് കാഴ്ച വരവുകള്‍ ജാറത്തിലെത്തും. കാഴചകളില്‍ ഇരുപത്തിയെട്ടു ആനകള്‍ അണിനിരക്കും.
കുമാരംപടി, അണ്ടത്തോട്, അകലാട്, മൂന്നൈനി, മന്ദലാംകുന്ന് എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന പ്രധാന കാഴ്ചകള്‍ നേര്‍ച്ചയ്ക്ക് മാറ്റ് കൂട്ടും. നാളെ പുലര്‍ച്ച മൂന്നരക്ക് അവസാന കാഴ്ച ജാറം അങ്കണത്തില്‍ എത്തുന്നതോടെ നേര്ച്ചക്ക് സമാപനമാകും. നേര്‍ച്ചയുടെ സുഖമമായ നടത്തിപ്പിന് ചാവക്കാട് സി.ഐ. കെ.ജി. സുരേഷിന്റെയും വടക്കേക്കാട് എസ്.ഐ. പി.കെ. മോഹിതിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Photo : ഇന്നലെ  നടന്ന കൊടിയേറ്റ കാഴ്ച്ച