ചാവക്കാട്: ആയുഷ് ഗ്രാമം നടപ്പിലാക്കാതെ പദ്ധതിയോടു പുറം തിരിഞ്ഞ് നിൽക്കുന്ന പുന്നയൂർ പഞ്ചായത്തിനെ മറികടന്ന് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് നടത്താൻ തുടങ്ങി.
പുന്നയൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ മന്ദലാംകുന്നിൽ വിൻഷെയർ ലൈബ്രറിയുടെ നേതൃത്വത്തില്‍ പദ്ധതി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഉമർ മുക്കണ്ടത്താണ് ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.മുസ്താഖലി അദ്ധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാമം പദ്ധതിയുടെ നിർവഹണ ചുമതയുള്ള ഡോ.രാജേഷ്, കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡൻറ് കരീം കരിപ്പോട്ടിൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എ.ഷംസുദ്ധീൻ, വിൻഷെയർ ലൈബ്രറി പ്രസിഡണ്ട് നെബീൻ മുഹമ്മദ്, കെ സി ഗ്രീഷമ, എം ആർ നവീൻ, ടി.കെ. ഖാദർ എന്നിവർ പങ്കെടുത്തു.
പദ്ധതി നടത്തിപ്പിനെ ചൊല്ലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും പുന്നയൂർ പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് ഒടുവിൽ വഴിത്തിരിവിലെത്തിയത്. പുന്നയൂർ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകൾക്കുമായി വീതിച്ചതെന്ന ആരോപണത്തിലാണ് പുന്നയൂർ പഞ്ചായത്ത് ഭരണ സമിതി. അതിനാൽ മറ്റ് പഞ്ചായത്തുൾ നടപ്പിലാക്കിത്തുടങ്ങിയിട്ടും വാശി കാരണം കേന്ദ്ര സർക്കാർ പദ്ധതി പുന്നയൂരിൽ നടപ്പിലാക്കാൻ യു.ഡി.എഫ് ഭരണ നേതൃത്വം തയ്യാറല്ലായിരുന്നു. കേന്ദ്ര സര്‍ക്കാറിൻറെ ആയുഷ് മിഷന്‍ 2015- – 16 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് 75 ശതമാനവും സംസ്ഥാന വിഹിതമായി 25 ശതമാനവുമായി മൊത്തം 80 ലക്ഷം രൂപയുടെ പദ്ധതിയില്‍ സംസ്ഥാന സർക്കാർ ആകെ എട്ട് ആയുഷ് ‘ഗ്രാമ’ങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തിനെയാണ് ആദ്യം തെരഞ്ഞെടുത്തത്. ഇക്കാര്യം ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസറിൽ നിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഇത്. ഇതില്‍ പുന്നയൂര്‍ പഞ്ചായത്തിനും 10 ലക്ഷം അനുവദിച്ചെന്നായിരുന്നു വിവരം. എന്നാൽ പുന്നയൂർ പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച അതേ ഉത്തരവ് തന്നെ ബ്ലോക്ക് പഞ്ചായത്തിനും ലഭിച്ചതാണ് തർക്കം തുടങ്ങാൻ കാരണമായത്. ബ്ലോക്ക് പഞ്ചായത്തിന് സർക്കാർ ഉത്തരവ് വന്ന ശേഷം ഈ പദ്ധതി അവരെ മറി കടന്ന് ഈ വർഷം ആരംഭത്തിൽ ചാവക്കാട് ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തിനുമായി മാറ്റിയതോടെയാണ് പുന്നയൂർ പഞ്ചായത്ത് ഭരണ സമിതി സംഭവം അറിയുന്നത്. ഉത്തരവിൽ മിനിമം അഞ്ച് ഗ്രാമത്തിൽ പദ്ധതി നടപ്പാക്കണമെന്നാണുള്ളത്. ‘ഗ്രാമങ്ങൾ’ എന്നാൽ വില്ലേജ് ആണെന്നും പുന്നയൂർ പഞ്ചായത്തിൽ രണ്ട് വില്ലേജുകൾ മാത്രമാണുള്ളതെന്നും ബാക്കി പുന്നയൂർക്കുളം, കടിക്കാട്, വടക്കേക്കാട്, വൈലത്തൂർ, ഒരുമനയൂർ, കടപ്പുറം എന്നീ വില്ലേജുകളിലും പരിപാടി നടത്തണമെന്നുമാണ് തങ്ങൾക്ക് ലഭിച്ച സർക്കുലർ എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ വാദം. ഇതനുസരിച്ച് ജനുവരിയിൽ തന്നെ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും കെ.വി അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. ഇതോടെ പുന്നയൂർ ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളിലും പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. പുന്നയൂർ പഞ്ചായത്തിൽ മാത്രം ഒന്നും നടന്നിട്ടില്ല. തങ്ങൾക്ക് വന്ന സർക്കുലർ അനുസരിച്ച് പദ്ധതിയിൽ മാറ്റമുണ്ടെങ്കിൽ അതും അറിയക്കേണ്ടതുണ്ടെന്നാണ് അവരുടെ വാദം. പുന്നയൂർ പഞ്ചായത്ത് ഭരണത്തിനു നേതൃത്വം നൽകുന്നത് ഐ ഗ്രൂപ്പും ബ്ലോക്ക് പഞ്ചായത്തിൽ എ ഗ്രൂപ്പുമായതിനാൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിൻറെ ഭാഗമാണ് ഇപ്പോഴത്തെ സംഭവ വികാസമെന്നാണ് ഇത് സംബന്ധിച്ച് ഇടത് നേതാക്കളുടെ പ്രതികരണം. എന്നാൽ പുന്നയൂർ പഞ്ചായത്തിൽ പദ്ധതി നടപ്പാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അവർ പറഞ്ഞു.