ചാവക്കാട്: മുനക്കകടവ് അഴിയില്‍ ശക്തമായതിരമാലയില്‍പെട്ട് ഉയര്‍ന്നു പൊന്തിയ വള്ളത്തില്‍നിന്നും തെറിച്ച് വീണു അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പുത്തന്‍ കടപ്പുറം ആലുങ്ങല്‍ മജീദ് (54), പുത്തന്‍ കടപ്പുറം കരിമ്പി അബ്ദുല്‍ സലാം (46), അകലാട് പുതുപാറക്കല്‍ അബ്ദുല്‍ റസാഖ് (46), ഏങ്ങണ്ടിയൂര്‍ സ്വദേശി പണിക്കന്‍ സാമുണ്ണി (51), ഇരട്ടപ്പുഴ ആച്ചി ചെക്കന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മജീദിനെ തൃശൂര്‍ അമല ആശുപത്രിയിലും, അബ്ദുസലാം, അബ്ദുല്‍ റസാഖ് എന്നിവരെ ചാവക്കാട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചിത്‌സക്കുശേഷം പറഞ്ഞയച്ചു.
തിങ്കളാഴ്ച രാവിലെ 6 മണിക്കാണ് അപകടം. 45 ലധികം തൊഴിലാളികളുമായി ചേറ്റുവ പുഴയില്‍ നിന്നും മത്‌സ്യബന്ധനത്തിനു പുറപ്പെട്ട തിരുവത്ര സ്വദേശി സുബ്രഹ്മണ്യന്റെ യു കെ ബ്രദേഴ്‌സ് വള്ളമാണ് അപകടത്തില്‍ പ്പെട്ടത്. അഴിമുറിച്ചു കടലിലേക്ക് കയറുന്നതിനിടയില്‍ ശക്മായി ഉയര്‍ന്നുവന്ന തിരമാല വള്ളത്തെ ആട്ടിയുലക്കുകയായിരുന്നു. വള്ളത്തിന്റെ മുന്‍ഭാഗം ഉയര്‍ന്നു പൊന്തി വീണു മുന്‍ഭാഗത്ത് നിന്നിരുന്ന നിരവധിപേര്‍ വള്ളത്തില്‍ തന്നെ തെറിച്ചു വീഴുകയായിരുന്നു. വലിയ വള്ളമായതിനാല്‍ ആരും അഴിയിലേക്ക് തെറിച്ചു വീണില്ല. അഴിയില്‍ ശക്തമായ ഒഴുക്കുള്ള സമയത്താണ് അപകടം. പിന്നീട് വള്ളം മുന്നോട്ട് ഓടിച്ച് തിരിച്ചുവന്നാണ് പരിക്കേറ്റവരുമായി ബംഗ്ലാവ് കടവിലെത്തിയത്. വള്ളം അപകടത്തില്‍ പ്പെടുന്നത് മറ്റ് മത്‌സ്യ തൊഴിലാളികള്‍ കണ്ടിരുന്നു. അപകടത്തില്‍ പ്പട്ട വള്ളത്തില്‍ നിന്നും കരയിലേക്ക് വിവരം നല്‍കി. പരിക്കേറ്റവരുമായി വള്ളം അരമണിക്കൂറിനധികം തീരത്തണഞ്ഞു. അപ്പോഴക്കും ഹാര്‍ബറില്‍ ആബുലന്‍സ് അടക്കമുള്ള സംവിധാനം ഒരുക്കിയിരുന്നു. പരിക്കേറ്റവരെ ആദ്യം ചാവക്കാട് താലുക്കാശുപത്രിയിലാണ് എത്തിച്ചത്. താടിയെല്ല്തകരുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്ത മജീദിനെ തൃശൂര്‍ അമലയിലേക്കു മാറ്റി . അബ്ദുല്‍ റസാഖിന്റെ കാല്‍ ഒടിഞ്ഞനിലയിലാണ്. സലാമിന്റെ താടിക്ക് തുന്നലുകളുണ്ട്. വള്ളംമറിയാതിരുന്നതും തൊഴിലാളികള്‍ അഴിയിലേക്കു തെറിക്കാതിരിക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അഴിയില്‍ രൂപപ്പെട്ട മണല്‍ തിട്ടയാണ് അപകടത്തിനു കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു