കുന്നംകുളം: കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍ ധ്രുവന്റെ ജഡം സംസ്‌കരിച്ചു. 12 മണിക്കൂറിലെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം കരയ്ക്ക് കയറ്റാനായത്. തുടര്‍ന്ന് ലോറിയില്‍ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. കോന്നിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ജഡം വിദഗ്ധപരിശോധന നടത്തിയതിനുശേഷം സംസ്‌കരിച്ചു.
കിഴൂര്‍ സ്വദേശി വലിയപുരയ്ക്കല്‍ അഭീഷിന്റെ ഉടമസ്ഥതയിലുള്ള ധ്രുവന്‍ എന്ന ആനയാണ് വിരണ്ടോടി കുറുക്കന്‍പാറയിലെ കിണറ്റില്‍ വീണ് ചരിഞ്ഞത്. വീഴ്ചയില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആനയുടെ വലതുഭാഗത്തെ കൊമ്പ് വീഴ്ചയില്‍ ഒടിഞ്ഞുവീണു. ബുധനാഴ്ച രാവിലെ ആറോടെ കൊമ്പ് കിണറ്റില്‍നിന്ന് ലഭിച്ചു.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലെ റേഞ്ച് ഓഫീസര്‍ കെ.കെ. ഷാജികുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതേസമയം ക്രെയിനും എത്തിച്ചിരുന്നു. കിണറ്റിലെ വെള്ളം വറ്റിക്കാന്‍ മോട്ടോറും ജനറേറ്ററും കൊണ്ടുവന്നു. ആനയുടെ കൊമ്പിനുള്ളിലും കഴുത്തിനുള്ളിലും ബെല്‍റ്റിട്ടാണ് കിണറ്റില്‍നിന്ന് പൊക്കിയെടുത്തത്.
എലിഫന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തകരും മറ്റ് ആനകളുടെ പാപ്പാന്മാരും സഹായികളായി. വനപാലകരായ മാത്യു ജോണ്‍, യു. സജീവ്കുമാര്‍, കെ.പി. വേലായുധന്‍, അഗ്നിശമനസേനയിലെ ലീഡിങ് ഫയര്‍മാന്‍ രതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.