ചാവക്കാട് : വ്യാഴാഴ്ച കടലില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തിരുന്നു. ഇത് തമിഴ്‌നാട് സ്വദേശിയുടേതെന്ന് സൂചന. മുനയ്ക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന, മൃതദേഹത്തിലെ ഷര്‍ട്ടിലെ ലേബലാണ് സംശയത്തിന് കാരണം .
ശരീരചര്‍മം ഷര്‍ട്ടില്‍ പറ്റിപ്പിടിച്ചനിലയിലായതിനാല്‍ ഷര്‍ട്ട് കീറിയാണ് മൃതദേഹത്തില്‍നിന്ന് മാറ്റിയത്. കറുത്തനിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടില്‍ ബ്രൗണും വെള്ളയോടും കൂടിയ നീളത്തിലുള്ള വരകളാണുള്ളത്. 45 -50 പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൂന്നുദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ആരും എത്തിയില്ലെങ്കില്‍ ഡി.എന്‍.എ. പരിശോധനയ്ക്കുള്ള ഘടകങ്ങള്‍ ശേഖരിച്ചശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കുമെന്ന് മുനയ്ക്കക്കടവ് തീരദേശ പോലീസ് എസ്.ഐ. പോള്‍സന്‍ പറഞ്ഞു.
വ്യാഴാഴ്ച പൂന്തുറയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും ചേറ്റുവ ഹാര്‍ബറില്‍നിന്ന് രണ്ട് ബോട്ടുകളില്‍ കടലില്‍ പോയി നടത്തിയ തിരച്ചിലിലാണ് മൃതദേഹവും രണ്ട് ഫൈബര്‍ വഞ്ചികളും കരയ്‌ക്കെത്തിച്ചത്. കണ്ടെത്തിയ ഫൈബര്‍ വഞ്ചികള്‍ രണ്ടും തമിഴ്‌നാട്ടില്‍നിന്നുള്ളതാണെന്നാണ് കരുതുന്നത്. ഇവയില്‍ മൃതദേഹം കരയ്‌ക്കെത്തിച്ച വഞ്ചിയില്‍ തമിഴില്‍ ശെല്‍വമാത എന്നെഴുതിയിട്ടുണ്ട്. ഇവ മുനയ്ക്കക്കടവ് ഹാര്‍ബറില്‍ എത്തിച്ചിട്ടുണ്ട്. വേറെ മൂന്ന് വഞ്ചികളും കടലില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടെന്ന് തിരച്ചില്‍ നടത്തിയ ഒരു ബോട്ടിന്റെ ഉടമ പോക്കാക്കില്ലത്ത് റസാഖ് പറഞ്ഞു.

ഫോട്ടോ : കടലില്‍ നിന്നും കണ്ടെടുത്ത ഫൈബര്‍ വഞ്ചി