ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം ഒരുവര്‍ഷത്തെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്  എം എസ് ശിവദാസ് ജന സെക്രട്ടറി  അലി ട്രഷറര്‍ കെ വി മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികത്തിനു തുടക്കം കുറിച്ച്  ആഗസ്റ്റ് 12ാം തിയതി  തിരുവത്ര കുമാര്‍ യു പി സ്‌കൂളില്‍ വെച്ച് തൃപ്രയാര്‍ റൈഹാന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശാസ്ത്ര ക്രിയ നിര്‍ണയക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.  ക്യാമ്പ് തഹസില്‍ദാര്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്യും. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: ആര്‍ രമ്യ മുഖ്യാഥിതിയാവും.  ക്യാമ്പില്‍ പ്രമുഖ നേത്രവിഭാഗം ഡോക്ടര്‍മാര്‍ സംബന്ധിക്കും. രോഗികള്‍ക്ക് സൗജന്യ മരുന്നും, കുറഞ്ഞ നിരക്കില്‍ കണ്ണടയും വിതരണം ചെയ്യും. ഓപ്പറേഷനു വിധേയരാകുന്നവര്‍ക്ക്  ചിലവു കുറവില്‍ ചികിത്‌സ നടത്തുന്നതിനും ഭാരവാഹികള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത്‌വര്‍ഷമായി ജീവകാരുണ്യ രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. വിദ്യഭ്യാസ ഉപഹാരം, ചികിത്‌സാ സഹായം, പുരകെട്ടിമേയനുള്ള സഹായം, മരണാനന്തര സഹായങ്ങള്‍ തുടങ്ങീ 12 ലക്ഷത്തിലധികം രൂപ സംഘടന നല്‍കിയിട്ടുണ്ട്. ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 150 ഓളം ഡ്രൈവര്‍മാരുടെ കൂട്ടായ്മയാണ് സംഘടന. രണ്ടുവര്‍ഷത്തിലൊരിക്കലാണ് പുതിയ അംഗങ്ങളെ സംഘടനയിലേക്ക് എടുക്കുക. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടിയില്‍ ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതിതയ്യാറാക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി സംഘടന വിദ്യാര്‍ത്ഥികടക്കമുള്ളവരില്‍ ട്രാഫിക്ക് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. സഹായസംഘം അംഗങ്ങളുടെ മക്കളുടെ വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ക്കും ആസൂത്രണം ചെയ്യുകയാണ് സംഘടന. വൈസ് പ്രസിഡന്റുമാരായ കെ കെ ജയതിലകന്‍, വി കെ ഷാജഹാന്‍, സിക്രട്ടറി കെ കെ വേണു എന്നിവരും വാര്‍ത്താ  സമ്മേളനത്തില്‍ പങ്കെടുത്തു.