ചാവക്കാട്: പാലയൂര്‍ ദുക്രാന തിരുനാളിനെത്തിയ തീര്‍ത്ഥാടകരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മുമ്പെയുള്ള അവസാന ഞായറാഴ്ചയും കൂടിയായപ്പോള്‍ ചാവക്കാട് പട്ടണം ഗതാഗത കുരുക്കിലായി. തിരക്ക് മുന്‍കൂട്ടി കണ്ട് പോലീസിനെ ടൗണിലെ പല ഭാഗത്തായി വിന്യസിച്ചിരുന്നതിനാല്‍ ഗതാഗത കുരുക്കിന്റെ തീവ്രത കുറക്കാനായി. രാവിലെ പതിനൊന്നോടെ തുടങ്ങിയ ഗതാഗത കുരുക്ക് വൈകീട്ട് ആറോടെയാണ് അവസാനമായത്. ദുക്രാന തിരുനാളിനായി പാലയൂരിലെത്തിയ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനും മറ്റുമായി ചാവക്കാട് പോലീസ് സ്‌റ്റേഷന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. റംസാന് മുമ്പത്തെ അവസാന മുടക്കുദിവസമായതിനാല്‍ റംസാന്‍ വിപണിയിലും ഞായറാഴ്ച തിരക്കനുഭവപ്പെട്ടത് റോഡിലെ കുരുക്ക് വര്‍ദ്ധിപ്പിച്ചു. നഗരത്തിലെ ചെറുതും വലുതുമായ എല്ലാ തുണിക്കടകളിലും സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ തിരക്കായിരുന്നു.
ദുക്രാന തിരുനാളിനെത്തിയ തീര്‍ത്ഥാടകരില്‍ വലിയ വിഭാഗം കടല്‍ കാണാനെത്തിയത് ചാവക്കാട് ബീച്ചിലും വന്‍ തിരക്കിന് കാരണമായി. തിരക്ക് കണക്കിലെടുത്ത് ഡിടിപിസി യുടെ മുഴുവന്‍ സുരക്ഷ ഗാര്‍ഡുമാരും ഞായറാഴ്ച ജോലിക്കെത്തി. അപകടകരമായി കടലിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കരക്ക് കയറ്റാനും സുരക്ഷ ഗാര്‍ഡുമാരെ സഹായിക്കാന്‍ തീരദേശ ജാഗ്രത സമിതി പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.