ചാവക്കാട്: രണ്ട് ദിവസങ്ങളിലായി ഗുരുവായൂരില്‍ നടന്നു വന്നിരുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്വലമായ സമാപനം. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനും പൊതുസമ്മേളനത്തോടയുമാണ് സമ്മേളനം സമാപിച്ചത്. ടൗഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ചാവക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സ്വാശ്രയവിഷയത്തില്‍ മാനേജ് മെന്റുകളെ സഹായിക്കുന്നതിനും ജനങ്ങളെ ദ്രോഹിക്കുന്നതിനായി അപക്വവും അവധാനതയില്ലാത്ത സമരമാണ് യു ഡി എഫ് നടത്തുന്നതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എസ് ശര്‍മ്മ പറഞ്ഞു. സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം സ്വാകര്യകോളേജ് മാനേജ്‌മെന്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് യു ഡി എഫ്. അത് തന്നെയാണ് ജനം ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ ശേഷവും യു ഡി എഫ് പുലര്‍ത്തുന്നത്. തങ്ങളെ പരാജയപ്പെടുത്തിയ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണ് യു ഡി എഫ്. എന്നാല്‍ മെറിറ്റടിസ്ഥാനത്തില്‍ സര്‍ക്കാരിന് ലഭിച്ച 50 ശതമാനത്തില് ‍20 ശതമാനത്തിന് 25000 രൂപ ചിലവിലും ബാക്കി 30 ശതമാനത്തിന് രണ്ടര ലക്ഷം രൂപ ചിലവിലും പഠിക്കാന്‍ അവസരം നല്‍കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. മാത്രമല്ല മാനേജ്‌മെന്റ് സീറ്റില്‍ പോലും 11 ലക്ഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവും. മാനേജ്മെന്റ് സീറ്റില്‍ ഒരുകോടിയോളം രൂപക്കും മെറിറ്റില്‍ പോലും ലക്ഷങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്നും പിഴിയാന്‍ മാനേജ്മന്റിനെ സഹായിച്ചവരാണ് ഇപ്പോള്‍ നിരാഹാരമിരുന്ന് അപഹാസ്യരാകുന്നത്. വിദ്യാര്‍ഥികളോടും ജനങ്ങളോടും ഉത്തരവാദിത്ത്വമുള്ളവാരാണ് യു ഡി എഫെങ്കില്‍ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എം എം വര്‍ഗ്ഗീസ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറികെ ചന്ദ്രന്‍ പിള്ള, ജില്ലാ സെക്രട്ടറി യു പി ജോസഫ്, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവീസ്, ബാബു എം പാലിശ്ശേരി, ടി ടി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എം കൃഷ്ണദാസ് സ്വാഗതവും , എന്‍ കെ അക്ബര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എം.എം വര്‍ഗീസ്(പ്രസി), യു.പി ജോസഫ് (സെക്ര), കെ.കെ.രാമചന്ദ്രന്‍(ട്രഷ) എിവരെ തെരഞ്ഞെടുത്തു. എം.എം വര്‍ഗീസ് നേരത്തെ സെക്രട്ടറിയും യു.പി ജോസഫ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. പതിനൊന്ന് വൈസ് പ്രസിഡന്റുമാരെയും ജോയിന്റ് സെക്രട്ടറിമാരെയും സമ്മേളനം ഐക്യ കണ്‌ഠേന തെരഞ്ഞടുത്തു.