ചാവക്കാട്: ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍  മത്തിക്കായല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ ക്യാമ്പും മത്തിക്കായല്‍ സന്ദര്‍ശനവും നടന്നു. ബ്ലാങ്ങാട് പള്ളിത്താഴത്ത് സംഘടിപ്പിച്ച ക്യാമ്പ് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി നേതാവ് ആര്‍.വി.സുല്‍ഫിക്കര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 28-ന് നടക്കുന്ന മത്തിക്കായല്‍ ശുചീകരണത്തിന്റെ ഭാഗമായാണ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. മത്തിക്കായലിനെ മാലിന്യമുക്തമാക്കുന്നതിനുള്ള ഉദ്യമത്തില്‍ ജനകീയ സംരക്ഷണ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. മത്തിക്കായല്‍ സംരക്ഷണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്നാണ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അറിയിച്ചിട്ടുള്ളത്. ഈ തുക ചെലവഴിക്കുന്നതിനുള്ള അനുമതിക്കായി അടുത്ത ദിവസം തിരുവനന്തപുരത്തു പോയി  ഉദ്യോഗസ്ഥരെ നേരിട്ടു കാണുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. മത്തിക്കായല്‍ ശുചീകരണത്തിന്റെ പരീക്ഷണാര്‍ഥമുള്ള ശുചീകരണജോലിയാണ് 28ന് ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംരക്ഷണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തുടങ്ങുന്നത്. ഹരിത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി.അജയ്കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ അസി.കോര്‍ഡിനേറ്റര്‍ സി.ജെ.അമല്‍, പി.വി.സുരേഷ് ബാബു, എ.ജെ.സുരേഷ്ബാബു, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ്, ടി.കെ.അബ്ദുള്‍ സലാം, നിത വിഷ്ണുപാല്‍, ദിനേശ് പുന്നയില്‍, എം.കെ.ആരിഫ്, ആരിഫ് ചേര്‍ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.