ചാവക്കാട്: നിയമനത്തിനായി 44 ലക്ഷം രൂപ കോഴ കൈപറ്റിയ ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പിരിച്ചുവിടണമെന്ന് സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. മൂന്ന് പേരില്‍ നിന്നുമായാണ് 44 ലക്ഷം രൂപ ഭരണ സമിതി കോഴയായി വാങ്ങിയത്. പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലി യോഗത്തില്‍ ഉണ്ടായ തര്‍ക്കമാണ് വിവരം പുറത്തുവരാന്‍ ഇടയാക്കിയത്. തര്‍ക്കത്തെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചു. കോഴ നല്‍കി നിയമനം നേടിയ ജീവനക്കാരെ ഭരണ സമിതി യോഗത്തില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് നിയമനത്തിലായി ഇത്രയും പണം നല്‍കിയതായി സ്ഥിരീകരിക്കപ്പെട്ടത്. കോഴ കൈപറ്റിയവരില്‍ മുന്‍ പ്രസിഡണ്ടുമാര്‍ക്കു വരെ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. നിയമനത്തിനായി കോഴ വാങ്ങിയ ഭരണ സമിതി ഉടന്‍ രാജി വെക്കണമെന്നും അല്ലാത്ത പക്ഷം ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കൊണ്ടു വരണമെന്നും കോഴ കൈപ്പറ്റിയവര്‍ക്കെതിരെ ക്രിമിനില്‍ നടപടികള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ വി കബീര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, ഇ കെ ജോസ്, കെ വി രാജേഷ്. കെ എ രാജന്‍ എന്നിവര്‍ സംസാരിച്ചു. സംഭവം സംബന്ധിച്ച് സഹകരണ വകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.