ചാവക്കാട്: നിര്‍ദ്ദിഷ്ട തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ അടിക്കല്ലും കണ്ടു തുടങ്ങി. കാലവര്‍ഷം കനത്തതോടെ തിരയടിച്ചുകയറിയാണ് കെട്ടിടം തകര്‍ച്ചയുടെ വക്കിലെത്തിയത്. പരിശോധനക്കായി വന്നവര്‍ തിരിച്ചുപോയി, റിപ്പോര്‍ട്ട് നല്‍കി ആഴ്ച്ചകള്‍ പലതും കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടമുള്‍പ്പടെയുള്ള അധികാരികള്‍ക്ക് ഇളക്കമില്ലെന്ന് വ്യാപകമായ പരാതി. അധികൃതരുടെ നിസംഗതയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നത് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം.
ചാവക്കാട് മേഖലയില്‍ തീരദേശ പൊലീസിന്‍്റെ സേവനം ലഭ്യമാക്കണമെന്ന മത്സ്യത്തൊഴിലാളികളുളുള്‍പ്പടെയുള്ള തദ്ദേശ വാസികളുടെ നിരന്തരമായ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അങ്ങനെയാണ് കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് ഹാര്‍ബറിനു തെക്ക് ഭാഗത്തായി ചേറ്റുവ പുഴയുടെ തീരത്ത് തീരദേശ പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. കൊടുങ്ങല്ലൂര്‍ അഴീക്കോടുള്ള തീരദേശ പോലീസ് സ്റ്റേഷന്‍ മാതൃകയിലാണ് മുനക്കക്കടവിലും പൊലീസ് സ്റ്റേഷന്‍ പണിതത്. 48 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിനുള്ള ഭൂമി ചേറ്റുവ സ്വദേശിയാണ് സൗജന്യമായി നല്‍കിയത്. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. കെട്ടിടത്തിലേക്കുള്ള ഗതാഗത സൗകര്യവും വെള്ളം, വെളിച്ചം, സ്പീഡ് ബോട്ട് തുടങ്ങിയ അടിസ്ഥാന സൗകര്യമൊരുക്കാന്‍ വൈകിയതാണ് കെട്ടിടോദ്ഘാടനം അനിശ്ചിത്വത്തിലാകാന്‍ കാരണമായത്. കെട്ടിടം സ്ഥിതിചെയ്യുത് ചേറ്റുവ പുഴയില്‍ നിന്നു 20 മീറ്ററും കടലില്‍ നിന്ന് അഞ്ഞൂറു മീറ്ററിനുമിടയിലായിരുന്നു. കെട്ടിടത്തിനു പുറകിലായാണ് പുഴയുള്ളത്. 20 മീറ്റര്‍ അകലെയുള്ള പുഴക്കരയില്‍ കെട്ടിടത്തിനു സംരക്ഷണം നല്‍കാനായി കരിങ്കല്ല് ഭിത്തി നിര്‍മ്മിക്കാതിരുന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തോളമായി ആരംഭിച്ച കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പുഴയിലെ വെള്ളം തീരമാലയായി അടിച്ചു കയറാന്‍ തുടങ്ങി. കെട്ടിടത്തിനോട്‌ ചേര്‍ന്നുകിടന്ന മണല്‍ തിട്ടകള്‍ തിരകള്‍ കൊണ്ടുപോയി. കെട്ടിടത്തിനോട് ചേര്‍ന്നുണ്ടാക്കിയ രണ്ട് സെപ്റ്റിക് ടാങ്കുകളില്‍ ഒന്നു പൂര്‍ണ്ണമായും തകര്‍ന്നു വീണു. രണ്ടാമത്തത്തേിന്‍്റെ നേര്‍ക്കാണിപ്പോള്‍ വെള്ളമടിച്ചു കൊണ്ടിരിക്കുന്നത്. തിരയടിച്ചു കയറി കെട്ടിടത്തിന്‍്റെ വടക്ക് കിഴക്ക് ഭാഗത്തെ തറയുടെ അടിക്കല്ലും കാണാന്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങളുടെ നിന്തരമായ വാര്‍ത്തകള്‍ക്കൊടുവില്‍ ജില്ലാ പൊലീസ് മേധാവിയും കെട്ടിടത്തിനു സംരക്ഷണം നല്‍കാന്‍ ചുമതലയുള്ള ജലസേചന വകുപ്പ് അധികൃതരും സ്ഥലത്തത്തെി തിരിച്ചു പോയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടയുള്ളവരുടെ ആക്ഷേപം. കെട്ടിടത്തിന് സംരക്ഷണം നല്‍കാനായി അടിയന്തിരമായി കരിങ്കല്ലടിക്കണമെന്നാണ് കടപ്പുറം പഞ്ചാത്ത് പ്രസിഡന്‍്റ് പി.എം മുജീബ് ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസഥര്‍ക്കും പരാതി അയക്കുമെന്നും മുജീബ് വ്യക്തമാക്കി. മുനക്കക്കടവ് അഴിമുഖത്തെ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്‍്റെ തകര്‍ച്ച മനസ്സിലാക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ട് സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.