ചാവക്കാട്: വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് നിരക്ക് എല്ലാ ആസ്പത്രികളിലും ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മന്ത്രി കെ.ടി. ജലീലിന് നിവേദനം നല്‍കി.
കഴിഞ്ഞ ദിവസം മന്ത്രി കണ്‍സോള്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് നിവേദനം നല്‍കിയത്. വൃക്കരോഗികള്‍ക്കുള്ള മരുന്നുകള്‍ വില കുറച്ചുനല്‍കാന്‍ നടപടി എടുക്കണം, ആസ്പത്രികളില്‍ ജലദൗര്‍ലഭ്യം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണം, വൃക്കരോഗം പിടിപെട്ട് മരണപ്പെടുന്ന നിര്‍ധനരായ രോഗികളുടെ പുനരുദ്ധാരണത്തിന് വേണ്ട നടപടി സ്വീകരിക്കണം, കാരുണ്യസഹായ പദ്ധതി തുടരുകയും നപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുക, ചാവക്കാട് താലൂക്ക് തലത്തില്‍ കാരുണ്യഫണ്ട് അപേക്ഷ സ്വീകരണത്തിന് കൗണ്ടര്‍ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. വൃക്കരോഗികളെ സഹായിക്കുന്നതിനുള്ള സഹായസഹകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മന്ത്രി കണ്‍സോള്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
ട്രസ്റ്റ് പ്രസിഡന്റ് പി.പി. അബ്ദുള്‍സലാം യോഗത്തില്‍ അധ്യക്ഷനായി. മാനേജിങ് ട്രസ്റ്റി ഇ.പി.മൂസക്കുട്ടി മന്ത്രിക്ക് ഉപഹാരം നല്‍കി. കെ.വി.അബ്ദുൽ ഖാദര്‍ എം.എല്‍.എ, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ, ജനറല്‍ സെക്രട്ടറി സി.എം.ജനീഷ്, പി.വി.അബ്ദു, സി.കെ.ഹക്കിം ഇമ്പാർക്ക്, വി.എം.സുകുമാരന്‍, സുജിത്ത് അയിനിപ്പുള്ളി, കാസിം പൊന്നറ, എ.എ.ലത്തീഫ്, എം.കെ.നൗഷാദ് അലി, ലാജു പി.എ, ഹാഷിം ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.