Header

ക്ഷേത്രങ്ങള്‍ അഴിമതി മുക്തമാക്കും – ക്രമക്കേട് കണ്ടാല്‍ നടപടിയെടുക്കാം : ഒളിയമ്പുകളെയ്ത് മന്ത്രിയും ദേവസ്വം ചെയര്‍മാനും

ഗുരുവായൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അഴിമതിരഹിതമാക്കുകയാണ് ലക്ഷ്യമെന്നും അഴിമതിക്കുള്ള സാധ്യതകളെല്ലാം അടയ്ക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്രമക്കേടിന്റെ സൂചനയുണ്ടെങ്കില്‍ സര്‍ക്കാരിന് ദേവസ്വത്തിനെതിരെ നടപടിയെടുക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ് മറുപടിയും നല്‍കി. ഇതര ക്ഷേത്രങ്ങള്‍ക്കും വേദപാഠശാലകള്‍ക്കും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധനസഹായം വിതരണം ചെയ്ത വേദിയിലാണ് മന്ത്രിയും ചെയര്‍മാനും ഒളിയമ്പുകളെയ്ത് സംസാരിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും സുഖകരമല്ലാത്ത രീതിയില്‍ നീങ്ങുമ്പോഴാണ്  മന്ത്രി ദേവസ്വത്തിന്റെ ചടങ്ങില്‍ ഉദ്ഘാടകനായെത്തിയത്. ഒന്നും തുറന്നു പറയാതെതന്നെ സര്‍ക്കാര്‍ നയമെന്ന രീതിയില്‍ ക്ഷേത്ര ഭരണം അഴിമതി രഹിതമാകണമെന്നതില്‍ ഊന്നിയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സംസാരം. എന്നാല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്ന പീതാംബര കുറുപ്പ് അധ്യക്ഷ പ്രസംഗം മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാകാമെന്നറിയിക്കുകയായിരുന്നു.  അധ്യക്ഷ പ്രസംഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ പീതാംബരകുറുപ്പ് തന്റെ ഭരണസമിതി അഴിമതിരഹിതരാണെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ക്രമക്കേടിന്റെ സൂചനകണ്ടാല്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നുവരെ വെല്ലുവിളിയല്ലെന്ന് തോന്നിക്കുന്ന വിധത്തില്‍ മന്ത്രിയെ ഇരുത്തി മധുരംപുരട്ടി പറയാനും ചെയര്‍മാന്‍ മടിച്ചില്ല. മന്ത്രിയായ ശേഷം ആദ്യമായി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വത്തിലെത്തിയപ്പോള്‍ താന്‍ ഇല്ലാതിരിക്കാന്‍ കാരണം താന്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാലാണെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.  ഭരണസമിതിക്കെതിരായി ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കും ചെയര്‍മാന്‍ വേദിയില്‍ മറുപടി നല്‍കി. ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ 601 ക്ഷേത്രങ്ങള്‍ക്കും വേദപാഠശാലകള്‍ക്കുമായി 1.98 കോടിരൂപയാണ് വിതരണം ചെയ്തത്. ഭരണ സമിതി അംഗങ്ങളായ അഡ്വ. കെ. ഗോപിനാഥന്‍, സി. അശോകന്‍, പി.കെ. സുധാകരന്‍, കെ. കുഞ്ഞുണ്ണി, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.