ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ചാവക്കാട് നഗരസഭയുടെ മത്‌സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്‌സ്യ മാര്‍ക്കറ്റില്ലാത്തതിനാല്‍ വര്‍ഷങ്ങളായി മത്‌സ്യവിപണനം റോഡിലാണ് നടക്കുന്നത്. നാട്ടുകാരും പുറം നാട്ടുകാരും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും ഉള്‍പ്പെടെ ദിനേനെ എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരെ റോഡിലും പരിസരത്തും കെട്ടിക്കിടക്കുന്ന മീന്‍വെള്ളത്തിന്റെയും മാലിന്യത്തിന്റെയും ദുര്‍ഗന്ധമാണ് സ്വാഗതം ചെയ്യുന്നത്. മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചാവക്കാട് ബീച്ചിലേക്ക് ഇനി മൂക്ക് പൊത്താതെ പ്രവേശിക്കാം.
1999-ല്‍ നഗരസഭ വാങ്ങിയ 35 സെന്റ് സ്ഥലത്താണ് മാര്‍ക്കറ്റ് കെട്ടിടം പണിതീര്‍ത്തിട്ടുള്ളത്. 62 ലക്ഷം രൂപയാണ് ചെലവു വന്നിട്ടുള്ളത്. 12 കടമുറികള്‍, വിശാലമായ യാര്‍ഡ്, ശൗചാലയം, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയവ ആധുനിക രീതിയില്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മത്‌സ്യമാര്‍ക്കറ്റ് അംഗീകൃത മത്‌സ്യതൊഴിലാളികള്‍ക്കാണ് നല്‍കുക.
ശനിയാഴ്ച ഉദ്ഘാടനം നടന്നാലും ഒരുമാസം കൂടെ കഴിഞ്ഞേ മത്സ്യ വിപണനം ഇവിടെ സാധ്യമാകൂ.
വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, നഗരസഭ സെക്രട്ടറി ടി.എന്‍. സിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രന്‍, എ.സി. ആനന്ദന്‍, സഫൂറ ബക്കര്‍, കെ.എച്ച്. സലാം, കൗണ്‍സിലര്‍മാരായ എ.എച്ച്.അക്ബര്‍, ജനാര്‍ദനന്‍ തറയില്‍ എന്നിവരും പത്രസമ്മേളനനത്തില്‍ പങ്കെടുത്തു.

നഗരസഭാ കൊണ്ഫ്രന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനം