പാലപ്പെട്ടി : വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും സ്വാർണ്ണാഭരങ്ങളുടെ നിറം മാറി. അമ്പരപ്പോടെ നാട്ടുകാർ. പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറ് മേത്തി ഹനീഫയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചിലരുടെ സ്വർണാഭരണങ്ങളാണ് മഞ്ഞനിറത്തിൽനിന്ന്‌ വെള്ളിനിറത്തിലേക്ക് മാറിയത്.
ശനിയാഴ്ചയായിരുന്നു വിവാഹം. ഹനീഫയുടെ വീട്ടിലെ പഴയ സ്വർണാഭരണങ്ങളിലെ നിറവ്യത്യാസം ശനിയാഴ്ച രാവിലെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് കാര്യമാക്കിയില്ല. എന്നാൽ വൈകുന്നേരത്തോടെ വിവാഹത്തിനെത്തിയവരിൽ ചിലരുടെ സ്വർണാഭരണങ്ങളും വെള്ളിയുടെ നിറത്തിലേക്ക് മാറിയതോടെയാണ്‌ അമ്പരപ്പിലായത്.
കടൽത്തീരത്തോട് ചേർന്നാണ് ഹനീഫയുടെ വീട്. രാസപ്രവർത്തനത്തിന്റെ ഭാഗമാകാം സ്വർണാഭരണങ്ങളുടെ നിറവ്യത്യാസത്തിനു കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഹനീഫയും കുടുംബവും.
ചാവക്കാട്, പൊന്നാനി തുടങ്ങി വ്യത്യസ്ഥ മേഖലയിലെ പ്രമുഖ ജ്വല്ലറികളിലെ ആഭരണങ്ങളും നിറം മാറ്റം സംഭവിച്ചവയിൽ പെടും. എന്നാൽ ജ്വല്ലറികളിൽ ആരും പരാതിയുമായി എത്തിയിട്ടില്ല.