ഗുരുവായൂര്‍: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും നടത്തിയ പരിശോധനയില്‍ രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഗുരുവായൂരിലെ റോയല്‍ ഐസ് ക്യൂബ്‌സ്, ചൂണ്ടലിലെ എന്‍.കെ.കെ. ഐസ് പ്ലാന്റ് എന്നീ ഐസ് നിര്‍മാണ യൂനിറ്റുകളോടാണ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത്. ഗുരുവായൂരിലെ ദ്വാരക കാറ്ററിങ് യൂനിറ്റില്‍ നിന്ന് 10000 രൂപ പിഴയീടാക്കി. ആനത്താവളം റോഡിലെ കുലുക്കി സര്‍ബത്ത് കച്ചവട കേന്ദ്രം അടപ്പിച്ചു. വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 40 ആയി. ഗുരുവായൂര്‍ മേഖലയില്‍ 36 പേര്‍ക്കാണ് രോഗബാധ. വധുവിന്റെ വീടായ മുല്ലശേരി മേഖലയില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് പരിശോധനകള്‍ക്ക് പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി നഗരസഭ അധികൃധതര്‍ അറിയിച്ചു. വിവാഹ സദ്യയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗം ബാധിച്ചിട്ടുള്ളതെന്നും ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത മാസം ഒന്നിനകം ഹോട്ടലുകളും കാറ്ററിങ് കേന്ദ്രങ്ങളും ശുചീകരിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. അടുത്ത മാസം ഒന്ന് മുതല്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാവും. ആരോഗ്യ വകുപ്പ്, നഗരസഭയുടെ ആരോഗ്യ വിഭാഗം, പൊലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുക.