ചാവക്കാട് : രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍. ചാവക്കാട് എനാമാവ് റോഡ്‌, മെയിന്‍ റോഡ്‌ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കേട്ടിലായത്. ഇവിടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി. പോലീസ് സ്റ്റേഷനും എം ആര്‍ ആര്‍ എം സ്കൂളും വെള്ളക്കെട്ടിലായി. ചാവക്കാട് ടൌന്‍ മസ്ജിദ് മുതല്‍ ഹയാത്ത് ആശുപത്രി വരെ കനത്ത വെള്ളക്കെട്ടാണ്. ഒവുങ്ങല്‍ പേരകം റോഡ്‌ തോടായി. ഗുരുവായൂര്‍, മമ്മിയൂര്‍, പുത്തന്‍പല്ലി തുടങ്ങിയ മേഖലകളിലെല്ലാം പല റോഡുകളും ഗതാഗത യോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടിലായി. കനോലി കനാല്‍ നിറഞ്ഞാണ് ഒഴുകുന്നത്. കരകവിഞ്ഞ് ഒഴുകുമോ എന്ന ഭയത്തിലാണ് കനാലിനു സമീപം താമസിക്കുന്ന കുടുംബങ്ങള്‍. തീര മേഖലയില്‍ കടല്‍ ശാന്തമാണ്. കേരളത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ചാവക്കാട് ഗുരുതരമായ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.