ഗുരുവായൂര്‍ : ഗുരുവായൂരില്‍ കാറ്ററിങ് സ്ഥാപനങ്ങള്‍ സദ്യക്ക് മുമ്പായി ആരോഗ്യ വിഭാഗത്തെ അറിയിക്കാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കി. ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത ഹോട്ടല്‍, കാറ്ററിങ്, ശീതള പാനീയ സ്ഥാപന ഉടമകളുടെ യോഗത്തിലാണ് ഈ തീരുമാനം. നഗരസഭ പ്രദേശത്തിന് പുറത്തുള്ള കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കണമെന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തരുതെന്നും നിര്‍ദേശിച്ചു. ശീതള പാനീയങ്ങളില്‍ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന ക്യൂബ് ഐസ് മാത്രമേ ഉപയോഗിക്കാവു,  ബ്ലോക്ക് ഐസ് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ദ്രവമാലിന്യങ്ങള്‍ കാനയിലേക്ക് ഒഴുക്കിവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കും. നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്‍ എം.രതി, ആര്‍.വി.അബ്ദുല്‍ മജീദ്, സുരേഷ് വാര്യര്‍,  നഗരസഭ സെക്രട്ടറി രഘുരാമന്‍,  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍,  ജില്ല ടെക്‌നിക്കല്‍ അസിസ്റ്റന്റ്  പി.കെ. രാജു എന്നിവര്‍ സംസാരിച്ചു.