ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് പഞ്ചവടി ക്ഷേത്ര വളപ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഏഴ് മാസം. നന്നാക്കാനത്തെിയവര്‍ വിളക്ക് താഴ്ത്തി പോയിട്ട് ഒന്നരമാസം. ക്ഷേത്ര പരിസരം ഇരുട്ടിലായത് ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ വിളക്ക് കാലില്‍ പുഷ്പ്പ ചക്രം സമര്‍പ്പിച്ചു.
എടക്കഴിയൂര്‍ പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്ര പരിസരത്ത് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ 2011-13 വര്‍ഷത്തെ പ്രാദേശി വികസന ഫണ്ടില്‍ നിന്ന് 4.59 ലക്ഷം ചെലവിട്ട് സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കാണ് നാല് മാസമായി പ്രവര്‍ത്തന രഹിതമായത്. പുന്നയൂര്‍ പഞ്ചായത്തിനാണ് വിളക്കിന്റെ അറ്റകുറ്റ പണികളുടെ ചുമതല. വിളക്ക് കണ്ണടച്ചതോടെ നിരവധി പ്രാവശ്യം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി സുരേന്ദ്രനുള്‍പ്പടെ നാട്ടുകാര്‍ അധികൃതരെ വിളിച്ചറിയിച്ചത്തിന്റെ ഫലമായാണ് ഒന്നര മാസം മുമ്പ് കാരാറുകാര്‍ വന്നു വിളക്ക് താഴേക്ക് ഇറക്കിയത്. ഇറക്കി നോക്കിയെന്നല്ലാതെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കാതെ പാതി വഴിയിലാക്കി പോയ കരാറ് കാരന്‍ പിന്നെ ഈ വഴിക്ക് വന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതേക്കുറിച്ച് വാര്‍ത്ത വന്നിട്ടും അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയില്ല. ദിവസവും നൂറുകണിക്കിന് ആളുകള്‍ നടക്കുന്ന ഭാഗമാണ് പഞ്ചവടി ബീച്ചിനോട് ചേര്‍ന്ന ഈ ഭാഗം. ഇതിനകം ആയിരങ്ങള്‍ പങ്കെടുത്ത വാവ് ബലികള്‍ രണ്ട് പ്രവാശ്യം കടന്നുപോയി. മാത്രമല്ല ദിവസവും രാവിലെ നാല് മുതല്‍ ബലി കര്‍മ്മങ്ങള്‍ക്ക് വരുന്ന ഭക്തരും ഇവിടെ സജീവമാണ്. പഞ്ചായത്ത് അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.എം പഞ്ചവടിനോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളക്ക് കാലിനു സമീപം സംഘടിപ്പിച്ച പുഷ്പ ചക്ര സമര്‍പ്പണം ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ ജിസ്ന റനീഷ് പുഷ്പ ചക്രം സമര്‍പ്പിച്ചു. ടി.എ വിജയന്‍, എം.കെ നസീര്‍, ബി.എച്ച് മുസ്താക്ക്, വി.എം വിശ്വനാഥന്‍, എ.കെ വിശ്വന്‍, റഹീം കുന്നംഞ്ചേരി, ടി.എം സനോജ് എന്നിവര്‍ സംസാരിച്ചു