ചാവക്കാട്: കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. യതീഷ് ചന്ദ്ര ഐ പി എസി ന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പുനരന്വേഷണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി ഹനീഫ ഗ്രൂപ്പു പോരിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിലാണ് പുനരന്വേഷണം നടക്കുന്നത്. 2015 ഓഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്. ചാവക്കാട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. ഷെമീര്‍. അഫ്സല്‍, അന്‍സാര്‍, ഷംഷീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നിവര്‍. എന്നാല്‍ ഗുരുവായൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഗോപപ്രതാപന്‍റെ അറിവോടെയാണ് കൊല നടന്നതെന്നായിരുന്നു ഹനീഫയുടെ കുടുംബത്തിന്‍റെ ആരോപണം. ദൃക്‌സാക്ഷിയും ഹനീഫയുടെ ഉമ്മയുമായ അയിഷാബി നല്‍കിയ മൊഴില്‍ ഇക്കാര്യം ഉണ്ടായിരുന്നിട്ടും ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുനരന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിറക്കിയത്.
ഇന്ന് ബുധന്‍ രാവിലെയാണ് കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.യു സജീവന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനെത്തിയത്‌
മൂന്ന് പോലീസ് വാഹനങ്ങളിലായി ചാവക്കാട് പുത്തന്‍കടപ്പുറം ഹനീഫയുടെ വീട്ടിലെത്തിയത്. ഹനീഫയുടെ മാതാവ് അയിഷാബിയുമായി സംസാരിച്ച ക്രൈംബ്രാഞ്ച് സംഘം പിന്നീട് പ്രതികപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട വളവില്‍ സച്ചിന്‍, കുണ്ടുപറമ്പില്‍ ഷാഫി എന്നിവരുടെ വീടുകളിലെത്തി അന്വേഷണം നടത്തി. കൊലപാതക സംഘം കേമ്പ് ചെയ്യാറുള്ള പരപ്പില്‍ താഴത്തും അന്വേഷണ സംഘം സന്ദര്‍ശനം നടത്തി.