ഗുരുവായൂര്‍: അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിക്കാതിരുന്ന 40ഓളം വീടുകളില്‍ കുടിവെള്ളം ലഭിച്ചു തുടങ്ങി. വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ കാലിക്കുടങ്ങളുമായി ചൊവ്വാഴ്ച ഉച്ചക്ക് ഗുരുവായൂരിലെ വാട്ടര്‍ അതോറിറ്റി ഓഫിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. രണ്ട് മാസമായി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ വളഞ്ഞ് വീട്ടമ്മമാര്‍ പ്രതിഷേധിച്ചിരുന്നു. എടപ്പുള്ളിയിലും അങ്ങാടിത്താഴത്തും പൈപ്പ് പൊട്ടിയിരുന്നത് ശരിയാക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. യുദ്ധകാലാടിസ്ഥാനത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കിയതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.