ചാവക്കാട്: കടപ്പുറത്ത് കയ്യേറിയ സ്ഥലമാണെങ്കിലും വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം മുദ്ര പേപ്പറിലാണ്. വാങ്ങുന്നവനെ പറ്റിക്കാനുള്ള ഈ തന്ത്രത്തില്‍ രണ്ട് സാക്ഷികളും പ്രത്യക്ഷപ്പെട്ട് സര്‍ക്കാര്‍ ഭൂമി വിറ്റതിന് ഒപ്പിടാറുണ്ട്. സ്ഥലം വില്‍പ്പനക്കും വാങ്ങുന്നതിനും ഭൂമാഫിയക്ക് ഇട നിലക്കാര്‍ ധാരമുണ്ട്. മേഖലയിലെ ഒരു പെയിന്‍്ററാണ് ആധാരം എഴുതി ശരിയാക്കുന്ന ‘വെണ്ടര്‍’.  ആധാരമെഴുത്തിന്‍്റെ ഭാഷയിലുള്ള ഈ ഇടപാട് വായിച്ചു കേട്ടാല്‍ വാങ്ങുന്നവന് വിശ്വാസം വരും സര്‍ക്കാര്‍ ഭൂമി വില്‍ക്കുന്നവന്‍റെ തറവാട് വകയാണെന്ന്. എടക്കഴിയൂര്‍ കാജാകമ്പനി ബീച്ചില്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന വീട് നില്‍ക്കുന്ന സ്ഥലം വാങ്ങിയിരിക്കുന്നത് തമിഴ് നാട് സ്വദേശിയായ യുവാവും  സ്വദേശിയായ ഭാര്യയുമാണ്. വിറ്റവനാണെങ്കില്‍ മേഖലയില്‍ നിരവധി സ്ഥലങ്ങള്‍ കയ്യേറി മറിച്ച് വില്‍ക്കല്‍ തൊഴിലാക്കിയവനും. കഴിഞ്ഞ ദിവസം കയ്യേറ്റത്തിനെതിരെ നടന്ന സമരത്തില്‍ പോലും ഇയാളും പങ്കെടുത്തിട്ടുണ്ടെന്നതാണ് കൗതുകം. 45000 രൂപക്കാണ് ഇയാള്‍ 10 സെന്‍റ് ഭൂമി മറിച്ച് വിറ്റത്. 2015 സെപ്റ്റംബറിലാണ് ഭൂമിയുടെ കരാറില്‍ ഇവരെല്ലാം ഒപ്പിട്ടിരിക്കുന്നത്. വാങ്ങിയവര്‍ക്ക് എല്ലാവിധ ക്രയ വിക്രയവും നടത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.