ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽനിന്ന് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ ദുരൂഹസാഹചര്യത്തിൽ കണ്ട വെളുത്ത നിറത്തിലുള്ള ബോട്ട് മേഖലയിൽ ആശങ്കക്കിടയാക്കി.
മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികളാണ് മുനക്കക്കടവ് തീരദേശ പൊലീസിന് വിവരം അറിയിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ശ്രീലങ്കയിൽനിന്ന് വെളുത്ത നിറത്തിലുള്ള ബോട്ടിൽ ഐ.എസ്. ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ വിവരം പോലീസിനെ അറിയിച്ചത്.
മുനയ്ക്കക്കടവ് തീരദേശ പോലീസ് എസ്.ഐ. വി. അമീറലിയുടെ നേതൃത്വത്തിൽ കടലിൽ പരിശോധന നടത്തി ദുരൂഹസാഹചര്യത്തിലുള്ള വെളുത്ത ബോട്ട് കണ്ടെത്തി.  പരിശോധനയിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള മീൻപിടിത്ത ബോട്ടാണിതെന്നും കന്യാകുമാരി ജില്ലക്കാരാണ് ബോട്ടിലുള്ളതെന്നും വ്യക്തമായി.
കണ്ണൂരിൽനിന്ന് മീൻപിടിത്തം കഴിഞ്ഞ് കന്യാകുമാരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. ബോട്ടിന്റെ രണ്ട് കാരിയർ വള്ളങ്ങളും (ഡിങ്കി) കൂടെയുണ്ടായിരുന്നു. ബോട്ടിലെ എണ്ണ ചോർന്നതിനാൽ കാരിയർ വള്ളങ്ങളിലൊന്നിൽ  ജീവനക്കാരിൽ ചിലർ മറ്റൊരു ബോട്ടിൽനിന്ന് എണ്ണ വാങ്ങുന്നതിനായി  പോയി. ഇവർ തിരിച്ചുവരുന്നതും കാത്ത്  ബോട്ട് കടലിൽ വേഗം കുറച്ച് കിടന്നതാണ് മറ്റ് മത്സ്യത്തൊഴിലാളികളിൽ സംശയത്തിന് ഇടനൽകിയത്.
ബോട്ടിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സീനിയർ സി.പി.ഒ. പ്രഭാത്, സി.പി.ഒ. സാജൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.