ചാവക്കാട്: വിദ്യാഭ്യാസരംഗത്തെ  പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ കെ.പി.വത്സലന്‍ എന്‍ഡോവ്‌മെന്റ് വിതരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്ക് ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി ജൂലൈ 30-ഓടെ കേരളത്തിലെ  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറും.  വിദ്യാഭ്യാസം ഒരു ഘട്ടത്തില്‍ തീരുന്നതല്ലെന്നും നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണെന്നും തിരിച്ചറിയണം. വിദ്യാഭ്യാസം കൊണ്ട് നേടുന്ന അറിവുകള്‍ അതത് സമയങ്ങളില്‍ മാറ്റത്തിന് വിധേയമാക്കപെടേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.അധ്യക്ഷനായി. ചാവക്കാട് നഗരസഭയില്‍ എസ്.എസ്.എല്‍.സി.,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പരിപാടിയില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷക്ക് നൂറു ശതമാനം വിജയം നേടിയ മണത്തല ഗവ.സ്‌കൂളിലെ പ്രധാനാധ്യാകന്‍ കെ.വി.അനില്‍കുമാര്‍, മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ സവിത റോസ് എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സെക്രട്ടറി ടി.എന്‍.സിനി, എം.കൃഷ്ണദാസ്, പി.യതീന്ദ്രദാസ്, എ.എച്ച്.അക്ബര്‍, തോമസ് ചിറമ്മല്‍, പി.കെ.സെയ്താലിക്കുട്ടി, കെ.എച്ച്.സലാം, ലാസര്‍ പേരകം തുടങ്ങിയവര്‍ പ്രസംഗിച്ചു