ദുബായ് : ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കത്തെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കണമെന്നും രാജ്യത്തെ സമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മുഴുവന്‍ പ്രവാസി സമൂഹവും ഒറ്റക്കെട്ടായ് മുന്നോട്ട് വരണമെന്നും ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദര്‍. ദുബായില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനായ പ്രോഗ്രസീവ് സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ ബിജെപിയും ആര്‍എസ്എസും നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഒട്ടനവധി സാധാരണക്കാര്‍ ആക്രമിക്കപ്പെടുകയും വീടുകള്‍ പൂര്‍ണമായും അഗ്‌നിക്കിരായാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം രാജ്യം ഭരിക്കുന്ന ഭരണകൂടം എല്ലാ വിധ ഒത്താശയും ചെയ്തു കൊടുക്കുകയാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച് പോരടേണ്ട കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ പോയി സ്വയം തകരുന്ന കാഴ്ചയാണ് നമ്മുക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കികൊണ്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഈ സര്‍ക്കാര്‍ ഒട്ടേറെ നേട്ടങ്ങളുമായിട്ടാണ് ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നും സംസ്ഥാനത്തിന്റെ പൂര്‍ണ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും അബ്ദുല്‍ഖാദര്‍ അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദേഹം പറഞ്ഞു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലം എത്രയുംവേഗം നടപ്പിലകുമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങികഴിഞ്ഞതായും, കുടിവെള്ള പദ്ധതിയായ കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മാത്രമല്ല ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിന്റെ പുനര്‍ നിര്‍മാണവും, ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനും പോളി ക്ലിനിക്ക് കെട്ടിടം നിര്‍മിക്കുന്നതിനും ആരോഗ്യവകുപ്പില്‍ നിന്നും ഫണ്ട് അനുവദിച്ചതായും, താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്സ് യുണിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജമായിയെന്നും ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍ മെയ് ആദ്യവാരം കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞതായും അദേഹം വ്യക്തമാക്കി.
തുടര്‍ന്ന് നാടിന്റെ വികസനവുമായ് ബന്ധപ്പെട്ട സംശയങ്ങള്‍ക് എം.എല്‍.എ മറുപടി പറഞ്ഞു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കനോലി കനാല്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ എത്രയും വേഗത്തിലാക്കണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനം പ്രോഗ്രസീവ് ഭാരവാഹികള്‍ എംഎല്‍എയ്ക്ക് കൈമാറി.
ചടങ്ങില്‍ വെച്ച് പ്രോഗ്രസീവ് ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം എംഎല്‍എ മാനേജര്‍ ശ്രീബിയ്ക്ക് നല്ക്കികൊണ്ട് നിര്‍വഹിച്ചു. പ്രോഗ്രസീവ് ദുബായ് കമ്മറ്റി പ്രസിഡണ്ട് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ പ്രസിഡണ്ട് നിഷാം, സെക്രട്ടറി സൈഫുദീന്‍, മാസ് സ്ഥാപക അംഗം ഹമീദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ദുബായ് സെക്രട്ടറി ജിബിന്‍ സ്വഗതവും അബുദാബി സെക്രട്ടറി സുഭാഷ് നന്ദിയും രേഖപ്പെടുത്തി.