ഗുരുവായൂര്‍: ഹിന്ദു സമൂഹത്തിലെ അവര്‍ണ്ണജനതക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ദര്‍ശനം നടത്തുതിന് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ 85ാ-ം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സത്യഗ്രഹസ്മാരക സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളുമായി രാഷ്ടീയ സാമൂഹിക സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വാര്‍ഷികം അവിസ്മരണീയമാക്കി.
സര്‍വ്വോദയ, ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നാണ് കേരള മഹാത്മജി സാസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രപ്രവേശന സത്യഗ്രഹദിനം ആചരിച്ചത്. സത്രം വളപ്പിലെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. പ്രമുഖ സര്‍വ്വോദയ നേതാവും കേളപ്പജിയുടെ ഒപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള തവനൂര്‍ സുകുമാരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.എസ്. ജയന്‍ അദ്ധ്യക്ഷനായി. കേരള മഹാത്മജി സാംസ്‌കാരികവേദി പ്രസിഡന്റ് സജീവന്‍ നമ്പിയത്ത്, കേരള സര്‍വ്വോദയം മണ്ഡലം സെക്രട്ടറി പി.എസ് സുകുമാരന്‍, ഗാന്ധിയന്‍ വിജ്ഞാനസമിതി ചെയര്‍മാന്‍ സി.പി നായര്‍, ഗുരുവായൂര്‍ കൃഷ്ണനാട്ടം സൂപ്രണ്ട് മുരളി പുറനാട്ടുകര, സി.സി.സി സെക്രട്ടറി ഭാര്‍ഗ്ഗവന്‍ പള്ളിക്കര, നെല്ലിക്കല്‍ ഗോവിന്ദന്‍, സ്മൃതി ഫൗണ്ടേഷന്‍ സെക്രട്ടറി നെല്ലിക്കല്‍ അശോക് കുമാര്‍, വിദ്യാധിരാജ ഗുരുകുലം പ്രസിഡന്റ് സി.എന്‍ ദാമോദരന്‍ നായര്‍, ദേവസ്വം ഡെപ്യുട്ടി അഡ്മിനിസട്രേറ്റര്‍ ആര്‍ നാരയണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മമ്മിയൂര്‍ വിജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തില്‍ രഘുപതി രാഘവ രാജാറാം…. എ രാംതുല്‍ ആലാപനത്തോടെയാണ് ചടങ്ങ് സമാപിച്ചത്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ ദേവന്‍, കൗസിലര്‍മാരായ അനില്‍ ചിറയ്ക്കല്‍, പി.എസ്. പ്രസാദ് തുടങ്ങീ സാസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കേളപ്പജിയോട് ഗാന്ധിജി സത്യാഗ്രഹം നിര്‍ത്തിവെയ്ക്കുതിന് വേണ്ടി 1933 ല്‍ എഴുതിയ കത്തിന്റെ വിവരണം ചടങ്ങില്‍ വായിച്ചു.

ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഓഫീസിന് മുന്നിലുള്ള എ.കെ.ജി സ്മാരക കവാടത്തിന് മുന്നില്‍ പ്രത്യകം തയ്യാറാക്കിയ സ്മാരക മണ്ഡപത്തിന് മുന്നിലാണ് അനുസ്മരണ സമ്മേളനം നടന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുരേഷ് വാര്യര്‍, നിര്‍മ്മല കേരളന്‍, എം.രതി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സത്യഗ്രഹസ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ സത്രം വളപ്പിലെ സ്മാരക സ്തൂഭത്തിന് മുന്നില്‍ നടന്ന അനുസ്മരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗം കെ കുഞ്ഞുണ്ണി, സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, ബി.ജെ.പി സംസ്ഥാന സമതിയംഗം പി.എം ഗോപിനാഥ്, സി.പി.ഐ ജില്ല സെക്രട്ടറിയേറ്റംഗം കെ.കെ.സുധീരന്‍, എസ്.എന്‍.ഡി.പി ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡന്റ് പി.എ പ്രേമാനന്ദന്‍, വേട്ടുവ മഹാ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ജനു ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ കോഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 85-ാം വാര്‍ഷികം ആഘോഷിച്ചു. സത്രം വളപ്പിലെ സത്യാഗ്രഹ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും സ്മരണ പുതുക്കലും മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാലന്‍ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.ഐ ലാസര്‍ , പോളി ഫ്രാന്‍സിസ്, പി.ജി സുരേഷ്, ഷൈലജ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.