ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ട്രാഫിക് ബോധവല്‍ക്കരണ വാരാചരണത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഒഴിവു ദിനമായ ഞായറാഴ്ച്ച ചാവക്കാട് നഗരം കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. റോഡ്‌ സുരക്ഷ നമ്മുടെ നഗരങ്ങളില്‍ നിന്നും തുടങ്ങാം എന്ന മുദ്രാവാക്യവുമായി ചാവക്കാട് നഗരസഭയുടെ പേരില്‍ അടിച്ചിറക്കിയ ലഘുലേഖ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. ഹെല്‍മെറ്റിടാത്ത ബൈക്ക് യാത്രികര്‍ക്ക് വിദ്യാര്‍ഥികള്‍ പ്രത്യേക ഉപദേശവും നല്‍കി. സീബ്രാ ലയിനില്‍ വാഹനങ്ങള്‍ നിറുത്തി റോഡു മുറിച്ച് കടക്കാന്‍ അനുവദിക്കണമെന്നും കാല്‍ നട യാത്രക്കാര്‍ക്ക് മുഗണണ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ ഓര്‍മിപ്പിച്ചു. ചാവക്കാട് പുതിയപാലം, മെയിന്‍ റോഡ്‌, എനാമാവ് റോഡ്‌ എന്നിവിടങ്ങളില്‍ ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ സി ആനന്ദന്റെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകളായാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്.