ചാവക്കാട്: നഗരസഭയിലെ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുതിന്റെ ആദ്യപടിയായി സ്‌കൂളിന്റെ വികസനത്തിനുള്ള സമഗ്ര പദ്ധതി രേഖ സമര്‍പ്പിക്കാന്‍ തീരുമാനം. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുതിനായി വെള്ളിയാഴ്ച ചേര്‍ ആലോചനയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ടട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തിരഞ്ഞടുത്തിരിക്കുന്നത് മണത്തല സ്‌കൂളിനെയാണ്. സ്‌കൂളില്‍ നിരവധി ആധുനിക സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരുമെന്ന് ആലോചനയോഗം ഉദ്ഘാടനം ചെയ്ത കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പറഞ്ഞു. ഈ മാസം അവസാനത്തോടെ വിശദമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും. ഹാബിറ്റേറ്റ് ഡയറക്ടറായിരിക്കും പദ്ധതിരേഖ തയ്യാറാക്കുന്നത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച് ആറുമാസത്തിനകം പദ്ധതി ആരംഭിക്കാനാവുമെന്ന്  എം.എല്‍.എ. പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ യോഗത്തില്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.സി. ആനന്ദന്‍, പി.ടി.എ.പ്രസിഡന്റ് പി.കെ. അബ്ദുല്‍കലാം, അധ്യാപിക സവിത എന്നിവര്‍ പ്രസംഗിച്ചു.