ചാവക്കാട് : സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ രഹസ്യമൊഴി നൽകി.
സ്ത്രീത്വത്തെ അപമാനിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, സ്ത്രീയുടെ അന്തസ്സിന് മാനഹാനി വരുത്തിയതുമായ 354 (ഡി), ഐ.പി.സി 509, പോലീസ് ആക്ട് 120 വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. 2017 മുതൽ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ ഷൂട്ടിംഗ് സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതായുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ചാവക്കാട് കോടതി മജിസ്ട്രേട്ട് മുമ്പാകെ 164 പ്രകാരമാണ് മഞ്ജു മൊഴി നൽകിയത്. നേരത്തെ പരാതിയിൽ പറഞ്ഞതും, പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയും തന്നെയാണ് കോടതിയിലും ആവർത്തിച്ചതെന്നാണ് വിവരം. ഉച്ച കഴിഞ്ഞ് രണ്ടരയോടെ കോടതിയിലെത്തിയ മഞ്ജുവിൽ നിന്നും മൂന്നോടെ അടച്ചിട്ട കോടതിയിൽ മൊഴിയെടുത്തു.
ഇന്ന് വൈകീട്ട് അഞ്ച് വരെ മൊഴിയെടുപ്പ് തുടർന്നു. കഴിഞ്ഞ ഞായറാഴ്ച ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരിൽ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതിൽ ഡിജിറ്റൽ തെളിവുകളുൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഗുരുതര കുറ്റങ്ങളാണ് പരാതിയിലുള്ളതെന്നതിനാൽ അസി.കമ്മീഷണർ സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ശ്രീകുമാർ മേനോൻ്റെ പേരിലുള്ള ‘പുഷ്’ കമ്പനി വഴി 2013ൽ കരാറിലേർപ്പെട്ട് പരസ്യചിത്രങ്ങളിൽ അഭിനയിയ്ക്കുകയും, മഞ്ജുവാര്യർ ഫൗണ്ടേഷന്റെയും, ചാരിറ്റി പ്രവർത്തനത്തിന്റെയും മേൽനോട്ടവും നൽകിയിരുന്നു. 2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ വിവിധ മാനഹാനിയും, ഭീഷണിയും ചെയ്ത് വരികയാണെന്നതടക്കമാണ് പരാതിയിലുള്ളത്.
നേരത്തെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി ജോസഫിൽ നിന്നും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നും മൊഴിയെടുത്തിരുന്നു. മഞ്ജുവിന് അനുകൂലമായാണ് ഇവരുടെ മൊഴി. അതേസമയം ശ്രീകുമാർ മേനോനിൽ നിന്നും ഇപ്പോഴും മൊഴിയെടുത്തിട്ടില്ല.