ചാവക്കാട്: കനോലി കനാൽ സംരക്ഷണത്തിനായി ഉയരുന്ന മുറവിളി പാഴ് വേലയാകുന്നു. കനോലി കനാൽ നികത്തുന്നതും മാലിന്യം തള്ളുന്നതും വ്യാപകമായതോടെ കനോലി സംരക്ഷണമാവശ്യപ്പെട്ട് നിയമ സ്പീക്കറും ഗുരുവായൂർ എം.എൽ.എയും ചാവക്കാട് ബ്ലോക്ക് പ്രസിഡൻറുമുൾപ്പടെ വന്നിട്ടും ചാവക്കാട് നഗരസഭ മാലിന്യം തള്ളുന്നത് കനോലികനാലില്‍.
നഗരത്തിലൂടൊഴുകുന്ന കനോലി കനാൽ നികത്തുന്നത് നഗരസഭാ ജിവനക്കാരാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ നിന്ന് കാനകൾ കോരിയ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖര മാലിന്യം തള്ളിയാണ് കനാൽ തീരം നികത്തുന്നത്. മാസങ്ങലായി കെട്ടിനിന്ന അഴുക്ക് ചാൽ കോരിയെടുത്ത മാലിന്യം തള്ളുന്നത് വഞ്ചിക്കടവിലെ ഇറച്ചിക്കടകളുടെ പത്തടി മാത്രം അകലത്തിലുള്ള കനാലിലേക്ക്. ഈ ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം കനാലിലേക്ക് ഒഴുക്കിവിടാൻ നഗരസഭയുടെ വക കാനകൾ വേറയും.
കനോലി കനാലിലും തീരത്തും കോഴികളെ അറുത്ത അവശിഷ്ടം ഉൾപ്പടെ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളുന്നവരെ രഹസ്യമായി നിരീക്ഷിച്ച് പിടികൂടാൻ കാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാ അധികൃതർ.
പ്രവാസി സംഘടനകളും വാട്ട്സ് ആപ്പ് കൂട്ടായ്മകളും മുതൽ ജനപ്രതിനിധികളുൾപ്പടെയുള്ളവർ കനോലി കനാൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുയോഗങ്ങളും ചർച്ചകളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിൽ പലതിലും നഗരസഭാ അധികൃതരും പങ്കെടുക്കാറുമുണ്ട്. വിവിധയിടങ്ങളിലെ കയ്യേറ്റവും മാലിന്യം തള്ളലും കണ്ടു പിടിക്കാൻ നഗരസഭാ അധികൃതർ തന്നെ വഞ്ചിയോടിച്ചത് വാർത്തകളിലിടം നേടിയതുമാണ്. മാലിന്യം തള്ളുന്നവർക്ക് നോട്ടീസും നല്‍കി. വഞ്ചിക്കടവിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുമെന്ന് അധികൃതർ കുറേക്കാലമായി പറയുന്നിടത്താണ് മാലിന്യം തള്ളുന്നത്.
കനോലി കനാല്‍ സംരക്ഷിക്കുമെന്ന് പറയുന്നത് ആത്മാർത്ഥയോടെയാണെങ്കിൽ ഈ മാലിന്യം ഉടന്‍ എടുത്തു മാറ്റണമെന്നും ഇറച്ചിക്കടകളിൽ നിന്നു കനാലിലേക്ക് മാലിന്യം പുറന്തള്ളാൻ കെട്ടിയ കാനകള്‍ പൊളിച്ച് മാറ്റണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.