ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്തിന് സമീപം പണികഴിപ്പിച്ച തീരദേശ പോലീസ് സ്‌റ്റേഷൻ കെട്ടിടം സംരക്ഷിക്കാൻ ഇനിയും നടപടിയായില്ല. കെട്ടിടത്തിന്റെ പണി പൂർത്തിയായി വർഷങ്ങളായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല പ്രവർത്തനം തുടങ്ങാത്ത കെട്ടിടം അഴിമുഖത്തുനിന്ന് തിരയടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷക്കാലത്ത് ശക്തമായ തിരമാലകൾ അടിച്ച് കെട്ടിടത്തിന്റെ പിൻവശത്തെ മണൽ ഒലിച്ചുപോയി.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കാൻ ആറുമാസം മുമ്പ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഉദ്ഘാടനം നടന്നിട്ടില്ലെന്ന ന്യായം പറഞ്ഞ്, ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിച്ചില്ലെങ്കിൽ അടുത്ത കാലവർഷത്തോടെ തിരമാലയിൽപ്പെട്ട് തകരുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.