ഒരുമനയൂര്‍: 400രൂപയുടെ സ്കൂള്‍ ബസ് ഫീസടക്കാന്‍ 500ന്‍റെ നോട്ട് നല്‍കിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനെതിരെ പിതാവിന്‍്റെ വോയ്സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരുമനയൂരില്‍ സുന്നി കാന്തപുരം വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികളെയാണ് ബസ് ചാര്‍ജ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കിയത്. 400രൂപ നല്‍കാനുള്ള വിദ്യാര്‍ത്ഥി അസാധുവായ 500 നല്‍കിയത് സ്വീകരിക്കാതെ 400 തന്നെ വേണമെന്ന് ശാഠ്യം പിടിച്ചാണ് നടപടിയെടുത്തത്. ക്ളാസില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ ആര്‍ക്കെങ്കിലും വിളിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപിക കാവലിരുന്നുവെന്നും പുറത്താരോടും പരാതി പറയരുതെന്ന ഭീഷണി മുഴക്കിയതായുമാണ് കുട്ടികളിലൊരാളുടെ ഗള്‍ഫിലുള്ള പിതാവിന്റെ നാല് വോയ്സ് ക്ലിപ്പുകളിലൊന്ന്. സ്കൂള്‍ മാനേജ് മെന്‍്റിനെക്കുറിച്ച് നേരത്തെയും പരാതിയുണ്ടെന്നും ഇതില്‍ സൂചനയുണ്ട്. താന്‍ ഗള്‍ഫിലായതിനാല്‍ ചില പരിമിതികളുണ്ടെന്നും പരാതി നല്‍കാനോ പത്രസമ്മേളനം വിളിച്ച് സംഭവം വിശദീകരിക്കനോ അതിനാല്‍ കഴിയില്ലെന്നും ഇയാള്‍ വ്യാക്തമാക്കുന്നുണ്ട്.
അതേ സമയം സ്കൂളില്‍ നിന്ന പുറത്താക്കിയതിനെതിരെ സ്ഥാപനത്തിലെ അധികൃതര്‍ക്കെതിരെ രക്ഷിതാക്കളില്‍ ചിലര്‍ ചാവക്കാട് സ്റ്റേഷനില്‍ നല്‍കിയ പരാതി നാടകീയമായ രംഗങ്ങള്‍ക്കു ശേഷം പിന്‍വലിച്ചു. സ്കൂള്‍ ബസിന്‍്റെ ഫീസടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിന് നടപടിയാവശ്യപ്പെട്ട് ബന്ധപ്പെട്ട അധ്യാപികക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. സ്കൂള്‍ ബസിന്‍്റെ ഫീസടക്കാനാവശ്യപ്പെടുന്നതും ഫീസടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനിക്കുന്നതും സ്കൂള്‍ നടത്തിപ്പുകാരും ചേര്‍ന്നായതിനാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കേണ്ടതായി വരുമെന്നും അതിനു തയ്യാറുണ്ടോയെന്നും പൊലീസ് പരാതിക്കാരോട് ചോദിച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ പരാതിക്കാര്‍ പരസ്പരം കൂടിയാലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള പിതാവിന്‍്റെ ശക്തമായ പ്രതിഷേധ ശബ്ദം വാട്സ് ആപ്പിലൂടെ വൈറലാകുകയാണ്