പുന്നയൂര്‍ക്കുളം: പഞ്ചായത്ത് യോഗം കൂടാതെ ഐ.സി.ഡി.എസ് അങ്കണവാടി ടീച്ചര്‍ന്മാരെയും ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് കമ്മറ്റി രൂപീകരിച്ചതിനെതിരെ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം വോട്ടെടുപ്പിലൂടെ പാസ്സായി. ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങളും സ്വതന്ത്ര അംഗവും ഐക്യഖണ്ഡേന കൊണ്ടുവന്ന പ്രമേയമാണ് ഒമ്പതിനെതിരെ 10 വോട്ടുകള്‍ക്ക് പാസായത്. അങ്കണവാടി ടീച്ചര്‍ന്മാരെയും ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി പഞ്ചായത്ത് യോഗം കൂടാതെയാണ് രൂപീകരിച്ചതെന്നും, യോഗം നടത്തിയതായി മിനുട്ട്‌സില്‍ പുസ്തകത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും, പഞ്ചായത്ത് തീരൂമാനം പുനപരിശോധിക്കണമെന്നും ആവശ്യപെട്ട് ആദ്യം പഞ്ചായത്ത് സെക്രട്ടറിക്ക് പ്രതിപക്ഷ അംഗങ്ങള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്നവോട്ടെടുപ്പില്‍ ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളും യു.ഡി.എഫിന്റെ നാല് അംഗങ്ങളും സ്വത്രന്ത്ര അംഗവും ഭരണസമതിയുടെ തീരൂമാനത്തിന് എതിരായി വോട്ടു ചെയ്തു. 19 അംഗ ഭരണസമിതിയില്‍ 10 വോട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ഒന്‍പത് വോട്ടാണ് ഭരണകക്ഷിയായ എല്‍.ഡി.എഫിന് ലഭിച്ചത്. പാര്‍ട്ടിപ്രവര്‍ത്തകരെ മാത്രം ഉള്‍പെടുത്തിയാണ് ഐ.സി.ഡി.എസ് കമ്മറ്റി രൂപികരിച്ചതെന്ന് കോണ്‍ഗ്രസ് അംഗവും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ
എ എം അലാവുദ്ദീന്‍ പറഞ്ഞു. മിനുട്ട്‌സില്‍ കൃത്രിമം കാട്ടിയ പഞ്ചായത്ത് പ്രസിഡന്റ് തല്‌സാഥാനം രാജിവെക്കണമെന്നും പ്രമേയത്തില്‍ തോല്‍വി പിണഞ്ഞ ഭരണ സമിതി പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു മുമ്പ് കുന്നത്തൂര്‍ ബാറിന് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് നടന്ന പ്രമേയത്തിലും ഭരണസമതി പരാജയപ്പെട്ടിരുന്നു. ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലാത്ത ഭരണ സമിതി ഭരണത്തില്‍ കടിച്ചു തൂങ്ങുകയാണെന്നും
എ എം അലാവുദ്ദീൻ പറഞ്ഞു. അതേ സമയം ഭരണസമതിയില്‍ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. അംഗങ്ങളായ ഷാജി തൃപ്പറ്റ്, മനോജ് കടിക്കാട്, ലസിത സുനില്‍, ഇന്ദിര പ്രഭുലന്‍, അനിത ധര്‍മ്മന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.