ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സി ഡി എസി ന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടപ്പിലാക്കിയ തരിശുഭൂമി പച്ചക്കറി കൃഷി വിളവെടുത്തു. ഒരുമനയൂര്‍ സ്വദേശി ജബ്ബാറിന്റെ തരിശായി കിടന്നിരുന്ന ഒരേക്കറോളം സ്ഥലത്ത് കര്‍ഷക അന്നാസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ചീര, വേണ്ട, പയര്‍, വഴുതന, തക്കാളി എന്നിവ വിളവെടുത്തു. പൂര്‍ണ്ണമായും ജൈവ കൃഷിയാണ് നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ചാക്കോ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ അംഗം കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വി എസ് പ്രതീഷ്, സി ഡി എസ് ചെയര്‍പേഴ്സന്‍ ജ്യോതി കാര്‍ത്തികേയന്‍, സ്ഥലമുടമ ജബ്ബാര്‍, മറ്റു കര്‍ഷകര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.