ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണതിരുന്നാളിന് സേവനമനുഷ്ഠിക്കാനുള്ള വളണ്ടിയര്‍ സേന രുപീകരിച്ചു. വനിതകളടക്കം 200 അംഗങ്ങളാണ് സേനയിലുള്ളത്. തിരുനാളുകളുടെ ഭാഗമായി തീര്‍ഥകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് സേനയുടെ ദൗത്യം. പോലീസുമായി സഹകരിച്ച് റോഡുകളിലെ ഗതഗത കുരുക്ക് പൂര്‍ണമായും ഒഴിവാക്കും. മോഷണം, പിടിച്ചുപറി തുടങ്ങിയവ തടയുന്നതിന് പ്രത്യേക കര്‍മ പരിപാടി നടപ്പാക്കും.
സേനാ രൂപീകരണയോഗവും വളണ്ടിയര്‍മാക്കുള്ള പരിശീലനവും പാരീഷ് ഹാളില്‍ നടത്തി. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എസ് ഐ എം കെ രമേഷ് ക്‌ളാസെടുത്തു. തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി ജെ ഷാജു അധ്യക്ഷനായി. സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, ഇ ടി റാഫി , സി വി ജോസഫ്, സി കെ ജോസ്, സി ഡി ലോറന്‍സ്, അഡ്വ ഇ എം സാജന്‍, ഇ എം ബാബു എന്നിവര്‍ പ്രസംഗിച്ചു.