പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍ കരുതി വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അധികൃതര്‍ തടഞ്ഞു
ചാവക്കാട്: പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍ കരുതി വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അധികൃതര്‍ തടഞ്ഞു. ആറടിയോളം വീഥിയില്‍ നൂറ്റമ്പതു മീറ്ററോളം സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി മതില്‍ നിര്‍മാണം നടത്താന്‍ തറ കീറി കല്ലിട്ടു തുടങ്ങിയത്. വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണിനിര്‍ത്തിവെക്കാനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍ ഇല്ലത്തു പള്ളിക്കു മുന്നിലൂടെയുള്ള എ കെ ജി റോഡിന്റെ ഭാഗമാണ് കയ്യേറ്റം നടത്തിയത്. റോഡില്‍ പകുതിയിലധികം ടാര്‍ ചെയ്തതാണ്. ബാക്കി 150 മീറ്റര്‍ സ്ഥലം പൊതുസ്ഥലമാണ്. ഈ സ്ഥലത്തു റോഡ് നിര്‍മ്മിച്ചാല്‍ മുത്തമ്മാവിലെക്കുള്ള റോഡിനുള്ള സ്ഥലം പഞ്ചായത്തിന് നല്‍കാന്‍ മറ്റൊരു വ്യക്തി തയ്യാറായിട്ടുണ്ട്. പഴയ വലിയ തോട് കാനകെട്ടി ലക്ഷകണക്കിന് രൂപ ചെലവഴിച്ച് പഞ്ചായത്തു റോഡിനായി നികത്തിയെടുത്ത സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറാന്‍ നോക്കുന്നത്. ടാര്‍ ചെയ്ത ഭാഗത്തിന്റെ സമീപത്തു വേണ്ടത്ര സ്ഥലം വിടാതെ തറക്കുള്ള ചാല് കീറി കല്ലുകളിട്ട നിലയിലാണ്. ഈ ഭാഗത്തെ നൂറുകണക്കിന് ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഈ റോഡ്. ആവശ്യമായ പെര്‍മിറ്റ് വാങ്ങാതെയാണ് നിര്‍മ്മാണം നടത്തുതെന്ന് കണ്ടതിനാലാണ് പണി നിര്‍ത്താനുള്ള നോട്ടീസ് നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ഇ എ രാജന്‍ പറഞ്ഞു. പൊതുസ്ഥലം കയ്യേറിയെന്ന നാട്ടുകാരുടെ പരാതി വില്ലേജ് അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് ഓവര്‍സിയര്‍ സിനിയുടെ നേതൃത്വത്തിലാണ് ഉദോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വാര്‍ഡ് അംഗം സിന്ധു അശോകനും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.