ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലാമ നിരീക്ഷണ യാത്രയിൽ പുന്നയൂർ പഞ്ചായത്ത് പ്രസിണ്ടണ്ട് ഷഹർബാൻ പങ്കാളിയായി. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒലീവ് റിഡ്ലി കടലാമകൾക്ക് കടലാമ സംരക്ഷണ പ്രവർത്തകർ നൽകുന്ന സുരക്ഷയെ കുറിച്ച് അറിയുകയായിരുന്നു പ്രസിഡന്റിന്റെ യാത്ര ലക്ഷ്യം. ഷെഡ്യൂൾ രാത്രി പതിനൊന്നു മുതൽ പുലർച്ചെ മൂന്നു വരെയായിരുന്നു യാത്ര. രണ്ടു ടീമുകളായി തിരിഞ്ഞ് പഞ്ചവടി കടപ്പുറത്തു നിന്നും തുടങ്ങി വടക്ക് ഭാഗത്തേക്ക് അകലാട് കാട്ടിലപ്പള്ളി ബീച്ച് വരെയും തെക്കു ഭാഗത്തേക്ക് അഫയൻസ് ബീച്ച് വരെയുമായിരുന്നു യാത്ര. നാലു തവണയായി ഇരുപത്തിനാലു കിലോമീറ്റർ ദൂരമാണ് പഞ്ചാര മണലിൽ നിലാവിൽ നടന്നത്.
കടലാമ നിരീക്ഷണ യാത്രയിൽ കുറുക്കൻ, പട്ടികൾ, തൊരപ്പൻ ഞണ്ടുകൾ എന്നിവയെ കണ്ടു വെന്ന് പ്രസിണ്ടണ്ട് പറഞ്ഞു. ഇവയിൽ നിന്നും കടലാമ കൂടിനെ രക്ഷിക്കാൻ കഴിയുന്നതെല്ലാം പഞ്ചായത്ത് ചെയ്യുമെന്നും അവർ പറഞ്ഞു.

കടലാമ യാത്രയിൽ അരുവായിക്ക് സമീപം വച്ച കൂട്  കണ്ടെത്തി ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിലേക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാറ്റി. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ കടലാമ സംരക്ഷണ പ്രവർത്തനത്തിന് മാറ്റി വച്ച പഞ്ചായത്താണ് തൃശൂർ ജില്ലയിലെ പുന്നയൂർ. ഏഴ് കൂടുകളിലായി ആയിരത്തോളം മുട്ടകളാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ ഹാച്ചറിയിൽ വിരിയുവാനായി ഉള്ളത്. എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങുന്നത് വരെ കടലാമ വാച്ചർമാരായ സലീം ഐഫോക്കസ് എടക്കഴിയൂർ, ഇജാസ്, അജ്മൽ എന്നിവരും ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് അംഗങ്ങളായ ഹനസ് ചിക്കു, അക്കു, ഷാഫി, ഉമ്മർ, റിൻഷാദ്, അജീഷ്, ബിബീഷ്, ജംഷീർ എന്നിവരും കാവലുണ്ടാകുമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ.ജെയിംസ് അറിയിച്ചു.
നാൽപ്പത്തിയഞ്ചു ദിവസം കൊണ്ടാണ് കടലാമ കുഞ്ഞുങ്ങൾ സൂര്യന്റെ ചൂടേറ്റ് വിരിഞ്ഞിറങ്ങുന്നത്.