ചാവക്കാട്: ദേശീയ പാതയിലെ കുഴികകള്‍ മൂടാനുള്ള അധികൃതരുടെ തരികിടപ്പണികള്‍ക്ക് ആയുസ്സുണ്ടായില്ല. പാതയുടെ മേല്‍പ്പാളി വീണ്ടും വീണ്ടും ഇളകി ചതിക്കുഴികളായി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. പരാതി നിരന്തരമുയര്‍ന്നിട്ടും ദേശീയ പാത അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേം.
ചാവക്കാട് പുതിയ പാലം കഴിഞ്ഞ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മുതല്‍ ആരംഭിക്കുന്ന അപകടക്കുഴികള്‍ ദേശീയ പാതയില്‍ മണത്തല, ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര, എടക്കഴിയൂര്‍ തെക്കെ മദ്രസ, കാജാ കമ്പനി മുതല്‍ അകലാട് ഒറ്റയിനി വരെയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ വാഹനപകടമുണ്ടാക്കും വിധം വലിയകുഴികളാണുള്ളത്. എടക്കഴിയൂര്‍ തെക്കെ മദ്രസ, കാജാ കമ്പനി പരിസരങ്ങളില്‍ റോഡിലെ കുഴികളില്‍ വീണ് ചെറു വാഹനങ്ങളുടെ അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും കാജാ കമ്പനി ഭാഗത്ത് ഇരുചക്രവാഹനം അപകടമുണ്ടായി. രാത്രി ഏറെ നേരം റോഡില്‍ കിടന്ന യുവാക്കളെ അതു വഴി വന്ന ചരക്ക് വാഹന ജീവനക്കാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചെറിയ വാഹനങ്ങളുടെ പുറകിലിരിക്കുന്നവര്‍ക്കാണ് ഏറെ അപകടമുണ്ടാകുന്നത്. റോഡില്‍ പെട്ടെന്ന് കാണുന്ന കുഴികളില്‍ ചാടാതിരിക്കാന്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപടമുണ്ടാകുന്നത്. ഈ ഭാഗത്ത് നിന്ന് അല്‍പ്പമകലെ അകലെ എടക്കഴിയൂര്‍ പള്ളിക്ക് സമീപവും തെക്കേ മദ്രസക്കു സമീപവും സമാന രീതിയില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. റോഡിന്‍്റെ മധ്യഭാഗത്തോട് ചേര്‍ന്നാണ് രണ്ട് സ്ഥലങ്ങളിലും തകരാറുള്ളത്. കുഴിയില്‍ ചാടാതിരിക്കാന്‍ ഒഴിഞ്ഞു പോകുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ഇടിച്ചും ഇവിടെ അപകടങ്ങളുണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. തെക്കെ മദ്രസ പരിസരത്തുള്ള റോഡിന്‍റെ തകരാര്‍ സമീപത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികള്‍ക്കും ദുരിതമാണെന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തകര്‍ന്നു കിടക്കുന്ന റോഡില്‍ നിന്ന് ഇളകിയ കരിങ്കല്‍ക്കഷണങ്ങള്‍ മറ്റു വാഹനങ്ങളുടെ ചക്രത്തില്‍ തട്ടി തെറിക്കുന്നത് ഇവരുടെ നേര്‍ക്കാണ്. ഈ ഭാഗങ്ങളിലെ കുഴികള്‍ നേരത്തെ അധികൃതര്‍ നികത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും പഴയ സ്ഥിതിയിലായി.