പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന്ന് വിഭജനം അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അടുത്ത വാര്‍ഡ് വിഭജനത്തോടെ കൂടുതല്‍ വാര്‍ഡുകളുണ്ടാവുമെന്നിരിക്കെ വിഭജനം അനിവാര്യമാണ്. പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് പഞ്ചായത്ത് വിഭജിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലനടപടികള്‍ ഉണ്ടാവണം. പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള മാനദണ്ഡം ശരാശരി ജനസംഖ്യ 27430 ഉം വാര്‍ഷിക വരുമാനം 50 ലക്ഷവുമാണെങ്കില്‍ 2011 ലേ ജനസംഖ്യകണക്കെടുപ്പ് പ്രകാരം പുന്നയൂര്‍ പഞ്ചായത്തില്‍ ജനസംഖ്യ 45000ല്‍ അധികവും വരുമാനം 50 ലക്ഷത്തിന് മുകളിലുമാണ്. മാത്രമല്ല തീരപ്രദേശത്ത് കഴിയുന്ന നിവാസികള്‍ പഞ്ചായത്ത് ഓഫിസിലേക്കും മൃഗാശുപത്രിയിലേക്കും പോകുന്നതിനു ദേശീയപാതയും കനോലി കനാലും കടക്കണം. ദേശീയപാത വികസനം സാധ്യമായാല്‍ കൂടുതല്‍ പ്രയാസകരമാവും. കൂടാതെ കിഴക്കന്‍ പ്രദേശത്തു നിവസികള്‍ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുവാനും വിഭജനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷാഫി, വി.എ അനസ് എന്നിവര്‍ സംസാരിച്ചു.