ചാവക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ നേരത്തെ തയ്യാറാക്കി സമയബന്ധിതമായി അംഗീകാരം നേടുകയും പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് പണികഴിപ്പിച്ച വാതകശ്മശാനത്തിന്റെയും പഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തദ്ദേശസ്ഥാപനങ്ങള്‍ പൊതുവെ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പണം ചെലവാക്കുന്നത്. ഇതിന്റെ ഫലമായി വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നത്. പഞ്ചായത്ത് രാജ് സമ്പ്രദായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല. ഒറ്റക്കെട്ടായി എല്ലാ അംഗങ്ങളും നാടിന്റെ വികസനത്തില്‍ പങ്കാളികളാകണം എന്നും ചെന്നിത്തല പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷിദ കുണ്ടിയത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.മുസ്താഖ് അലി, പഞ്ചായത്ത് അംഗങ്ങളായ ജാഷിറ ഷംസീര്‍, ജ്യോതി ബാബുരാജ്, പി.പി.മൊയ്‌നുദ്ദീന്‍, കെ വി രവീന്ദ്രന്‍, പി കെ അലി, പി വി നഷറ, സിന്ധു അശോകന്‍, ലീന സജീവന്‍, എ.വി.ഹംസക്കുട്ടി, നളിനി ലക്ഷ്മണന്‍, ഷൈനി ഷാജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.കെ.അബൂബക്കര്‍ ഹാജി, പി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തദ്ദേശമിത്രം പദ്ധതി വഴി ലോകബാങ്കില്‍ നിന്ന് പഞ്ചായത്തിന് അനുവദിച്ച രണ്ട് കോടി രൂപയില്‍ ഗാര്‍ഹിക കുടിവെള്ള പദ്ധതിക്കും ശ്മശാനത്തിനുമായി ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.