ഗുരുവായൂര്‍ : വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം പട്ടാപകല്‍ വീട്ടുകാരുടെ ശ്രദ്ധതിരിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടപര പവനും 30,000 രൂപയും കവര്‍ന്നു. മമ്മിയൂര്‍ രാജ പെട്രോള്‍ പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ബഷീര്‍ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് സംഘത്തിലൊരാള്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തുകയായിരുന്നു. അഞ്ച് പവന്‍ തൂക്കം വരുന്ന മാലയും ഒരു പവന്റെ മൂന്ന് വളകളും അരപവന്റെ രണ്ട് കമ്മലുകളുമാണ് നഷ്ടപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് രണ്ട് തമിഴ്‌ സ്ത്രീകളും രണ്ട് കുട്ടികളും ബഷീര്‍ഹാജിയുടെ വീട്ടിലെത്തിയത്. ബഷീര്‍ഹാജിയുടെ ഭാര്യ ഷഹര്‍ബാന്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മുന്‍ വശത്തെ വാതില്‍ അടച്ചിട്ട് ഷഹര്‍ബാന്‍ അടുക്കള ഭാഗത്ത് ജോലിചെയ്യുമ്പോഴാണ് നാടോടികള്‍ വീടിന് പുറകിലെത്തിയത്. കൂട്ടത്തില്‍ ഗര്‍ഭിണിയായ യുവതി അവശത നടിച്ച് വെള്ളം ആവശ്യപ്പെട്ടു. വീടിന് പുറത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം എടുത്തുകൊള്ളാന്‍ ഷഹര്‍ബാന്‍ പറഞ്ഞെങ്കിലും നാടോടികള്‍ പാത്രം നല്‍കി അകത്തെ പൈപ്പില്‍ നിന്നുള്ള വെള്ളം ആവശ്യപ്പെടുകയായിരുന്നു. അകത്ത് നിന്ന് വെള്ളം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ പുറത്തിരുന്ന ബക്കറ്റ് എടുത്ത് സംഘം നടന്നു. ഇത് കണ്ട് ഷഹര്‍ബാന്‍ പുറകിലെ വാതില്‍ തുറ് പുറത്തിറങ്ങി. സ്ത്രീകള്‍ വീടിന് മുന്‍വശത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് കുട്ടികളെ കുളിപ്പിക്കാന്‍ തുടങ്ങി. ഇത് ചോദ്യം ചെയ്ത് അര മണിക്കൂറോളം ഷഹര്‍ബാന്‍ ഇവരുമായി വാക്ക് തര്‍ക്കത്തുലേര്‍പ്പെട്ട് നിന്നു. ഇതിനിടെ വീടിന് മുന്നില്‍ ചാക്കുമായി നാടോടി യുവാവ് എത്തിയതോടെ സ്ത്രീകള്‍ ബക്കറ്റ് തിരികെ നല്‍കി അയാളൊടൊപ്പം നടന്നു. ഇന്ന് രാവിലെ അലമാരയില്‍ നോക്കിയപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ടതറിയുന്നത്. ഷഹര്‍ബാന്‍ വീടിന് മുന്‍വശത്ത് നിന്ന് തര്‍ക്കിക്കുന്നതിനിടെ യുവാവ് അകത്ത് കയറി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് കരുതുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ടെമ്പിള്‍ സി.ഐ യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം നടത്തി.

ഫോട്ടോ :കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്ന നാടോടി സംഘം – മമ്മിയൂര്‍ രാജാ പെട്രോള്‍ പമ്പിലെ സി സി ക്യാമറയില്‍ ഇന്നലെ പതിഞ്ഞ ദൃശ്യം