ചാവക്കാട് : പെരുന്നാൾ സമ്മാനമായി ലഭിച്ച തുക മുഴുവൻ ഉപയോഗിച്ച് ദരിദ്രർക്ക് അന്നം വിളമ്പി ഏഴാം ക്ലാസുകാരി താരമായി.
ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ മസ്‌ഖാനാണ് തനിക്ക് ലഭിച്ച സമ്മാനത്തുക മുഴുവൻ കാരുണ്യ പ്രവർത്തിക്കായി നീക്കിവെച്ചത്.
മണത്തല ബ്ലോക്ക് ഓഫീസിനു സമീപം വലിയകത്ത് ചെമ്പുട്ടകായിൽ മുനീർ മുംതാസ് ദമ്പതികളുടെ മകളാണ് ഫാത്തിമ.
മകളുടെ ആഗ്രഹമറിഞ്ഞ ഇരുവരും ഭക്ഷണം പാകം ചെയ്യാനും പൊതിയാനും വിതരണം ചെയ്യാനും ഫാത്തിമക്ക് കൂട്ടായി നിന്നു.
ഇന്ന് ഉച്ചക്ക് ചാവക്കാട്, ബ്ലാങ്ങാട് മേഖലയിൽ വഴിവക്കിലും പീടികതിണ്ണകളിലും കഴിഞ്ഞിരുന്നവർക്ക് മുന്നിൽ ഫാത്തിമ പൊതിച്ചോറുമായി എത്തി.
സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ചാവക്കാട് കാജാ സെന്ററിലെ പിതാവിന്റെ ഹിപ്പീസ് ലേഡീസ് റെഡിമേഡ് ഷോപ്പിന്റെ മേൽനോട്ടവും കച്ചവടവും ഈ കൊച്ചു മിടുക്കിയുടെ കയ്യിലാണ്.