ചാവക്കാട് : നിയമ വിദ്യാര്‍ഥി സോഫിയയുടെ നിരാഹാര സമരത്തോടെ പരപ്പില്‍ താഴം മാലിന്യവും പ്രദേശവാസികളുടെ ദുരിതവും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഖര മാലിന്യ സംസ്കരണ ശാലയെന്ന പേരില്‍ മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കയാണ് ഇവിടെ. മഴക്കാല മാകുന്നതോടെ ചീഞ്ഞു നാറി പുഴു അരിക്കും പ്ലാന്റും പരിസരവും.
2013 മാര്‍ച്ചില്‍ പരപ്പില്‍ താഴം നിവാസികള്‍ മാലിന്ന്യവുമായി വന്ന ലോറി തടുക്കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. അന്ന് ചാവക്കാട് ഓണ്‍ലൈന്‍ ഖരമാലിന്യ സംസ്കരണ ശാലയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മാലിന്യം ഉറവിടങ്ങളില്‍ സംസ്കരിക്കുക എന്നതാണ് മാലിന്ന്യ പ്രശ്നം പരിഹരിക്കാനുള്ള വഴിയെന്നും നഗരങ്ങളിലെ മാലിന്ന്യം പേറെണ്ടവരല്ല ഗ്രാമീണര്‍ എന്നും അന്നത്തെ നഗരസഭാ ചെയര്‍പെഴ്സന്‍ സതീ രത്നം ടീച്ചര്‍ വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. മാലിന്യ പ്രശ്നത്തിന്‌ പരിഹാരം കാണുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും, മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുവാനുള്ള പദ്ധതികള്‍ ആവിഷകരിച്ചിട്ടുണ്ടെന്നും ബയോഗ്യാസ്‌ പ്ലാന്‍റുകള്‍, വെര്‍മി കമ്പോസ്റ്റ് യൂണിറ്റ് എന്നിവ തുടങ്ങുവാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതായും ടീച്ചര്‍ പറയുകയുണ്ടായി. തുടര്‍ന്നും ഇത്തരം പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചെങ്കിലും പദ്ധതി വിജയത്തിലെത്തിക്കാനും തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും നഗരസഭക്കായില്ല. മാലിന്യ പ്രശ്നങ്ങള്‍ക്കുള്ള ശരിയായതും നീതി യുക്തമായതുമായ പരിഹാരം മാലിന്ന്യം ഉറവിടങ്ങളില്‍ സംസ്കരിക്കുക എന്നത് തന്നെയാണ്.