ഗുരുവായൂര്‍ : കൊയ്ത്തുപാട്ടിന്റെ ഈണവും കൊയത്തരിവാളും നേരില്‍ കണ്ടാസ്വദിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ഗുരുവായൂരിനടുത്തുള്ള കാരയൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ദിവസവും കഴിക്കുന്ന ചോറിന്റെ ഉറവിടത്തെകുറിച്ച് മനസിലാക്കിയപ്പോള്‍ കുട്ടികള്‍ക്ക് നെല്ല് അത്ഭുത വസ്തുവായി. പൂക്കോട് കൃഷിഭവന്റെ സഹായത്തോടെ സ്വാകാര്യ വ്യക്തി കൃഷിചെയ്ത കരനെല്‍ വിളവെടുപ്പാണ് കുട്ടികള്‍ക്ക്  നവ്യാനുഭൂതിയായത്. വാഴപ്പുള്ളി പേരകം സ്വദേശി ഡോവില്ലയില്‍ ജോയ് ചീരനാണ് രണ്ടേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയത്. 117 ദിവസം കൊണ്ട് വിളവെടുക്കാവുന്ന വൈശാഖ് വിത്തായിരുന്നു വിതച്ചത്. പ്രത്യേക വളം നല്‍കാതെ തന്നെ നൂറ് മേനി വിളവാണ് ലഭിച്ചത്. കൃഷിയെകുറിച്ച് പൂക്കോട് കൃഷി അസിസ്റ്റന്‍ഡ് സി.സോമസുന്ദരം വിദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു നല്‍കി. അരിവാള്‍ ആദ്യമായി കണ്ട വിദ്യാര്‍ത്ഥികള്‍ ഇത് കൊണ്ടെങ്ങനെയാണ് കൊയ്യുന്നതെന്നും ചോദ്യത്തിന് സോമസുന്ദരം കൊയതു കാണിച്ചു കൊടുത്തു. ചിലര്‍ അരിവാളുകൊണ്ട് പരീക്ഷണവും നടത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. കൃഷിയുടെ ആദ്യഘട്ടം മുതലുള്ള കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു മനസിലാക്കി. കൊയ്തുപാട്ടിന്റെ ഈരടിയോടെ നടന്ന വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ്, കൌണ്‍സിലര്‍മാരായ സുരേഷ് വാര്യര്‍, ആന്റോതോമസ്, ടി.കെ.സ്വരാജ്, കൃഷി അസിസ്റ്റന്‍ഡ് കെ.ഐ. സബിത തുടങ്ങിയവര്‍ സംസാരിച്ചു.