ചാവക്കാട്: നഗരസഭയുടെ വന്‍ വികസനകുതിപ്പിനു വഴിയൊരുക്കുന്ന നിര്‍ദേശങ്ങളുമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. പാര്‍പ്പിട മേഖലക്ക് 25 കോടിയും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 32 കോടി രൂപയുമാണ് ബജറ്റ് വിഭാവന ചെയ്യുന്നത്. മുന്‍ നീക്കിയിരിപ്പ് അടക്കം 69,48,39,011 വരവും 66,08,10,489 രൂപ ചെലവും 3,40,28,522 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യയുള്‍പ്പെട്ട ബജറ്റാണ ശനിയാഴ്ച അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് സംഖ്യയുടെ നാലിരട്ടി വര്‍ധനവാണ് അടുത്ത വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്ലാത്ത നഗരസഭ എന്ന ദുഷ്‌പേരില്‍ നിന്നും ഈ വര്‍ഷത്തോടെ ചാവക്കാട് മുക്തമാകുകയാണെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയുടെ കൈവശമുള്ള പരപ്പില്‍താഴത്തെ മൂന്നര ഏക്കര്‍ ഭൂമിയോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ കൂടി ലഭ്യമാക്കി ആധുനിക രീതിയിലുള്ള സിന്തറ്റിക്ക് സ്‌റ്റേഡിയം നിര്‍മ്മിക്കും. നിലവിലെ കളിസ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായാല്‍ പുതിയ നഗരസഭ ഓഫീസ് നിര്‍മ്മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.
താലൂക്കാശുപത്രി വികസനം, മത്‌സ്യ മാംസ പച്ചകറി മാര്‍ക്കറ്റുകള്‍, ചാവക്കാട് ബീച്ച്, മണത്തല ഗവ. ഹൈസ്‌ക്കൂള്‍ എന്നിവയുടെ വിപുലീകരണത്തിനായി സ്ഥലം ഏറ്റെടുക്കും. ബസ്‌സ്റ്റാന്റ് പരിസരം, ചാവക്കാട് ടൗണ്‍ അറവുശാല, നഗരസഭ കളിസ്ഥല പരിസരം എന്നിവിടങ്ങളിലും ആവശ്യമായ സ്ഥലങ്ങള്‍ ഏറ്റെടുക്കും. കരുവന്നൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവും. ചാവക്കാട് താലൂക്കാശുപത്രി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പുനലൂര്‍ ആശുപത്രി മാതൃകയില്‍ വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ലൈഫ് പദ്ധതി പ്രകാരം നഗരസഭയില്‍ വീടില്ലാത്തവര്‍ ആരുമുണ്ടാകില്ലെന്ന ലക്ഷ്യം അടുത്തുകൊണ്ടിരിക്കുകയാണ്. നഗരസഭയിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് സമഗ്ര സര്‍വെ നടത്തി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വീടുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്ന ”തബിയത്ത് ബര്‍ത്തന്‍” പ്ദ്ധതി നടപ്പാക്കും. ബീഡി തൊഴിലാളികളെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ടാക്കും. ചാവക്കാടിന്റെ പൈതൃകം സംരക്ഷിക്കാനായി ചന്തമുള്ള ചാവക്കാട്, കൂട്ടുങ്ങല്‍ ഫെസ്റ്റ്, ചാവക്കാട് അരിയങ്ങാടിയെ മിഠായി തെരുവു മോഡല്‍ നവീകരിക്കല്‍ എന്നിവയും നടപ്പാക്കും. ബജറ്റിന്‍മേലുള്ള ചര്‍ച്ച തിങ്കളാഴ്ച രാവിലെ 11 ന് നടക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അറിയിച്ചു.