വടക്കേകാട് : വടക്കേക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ ഞമനേങ്ങാട് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സിന്ധു മനോജിനു അട്ടിമറി വിജയം. യു ഡി എഫി ലെ ശോഭി സത്യനെതിരെ 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിന്ധു മനോജ്‌ വിജയിച്ചത്.
ആകെ വോട്ടായ 1503 ല്‍ 1163 വോട്ടുകളാണ് പോള്‍ ചെയ്തത്. സി പി ഐ യിലെ സിന്ധു മനോജിനു 556 ഉം, യു ഡി എഫിലെ ശോഭി സത്യന്‍ (കോണ്‍)-529 വോട്ടുകളുമാണ് ലഭിച്ചത്.
ബിജെപി സ്ഥാനാര്‍ഥി അഞ്ജു അനിലിന് 78 വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതയായി മത്സരിച്ചു വിജയിച്ച സജല സലീം ആരോഗ്യകാരണങ്ങളാല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.ഐ. വടക്കേക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാറംഗ ഭരണസമിതിയില്‍ യു.ഡി.എഫ് എട്ട് , എല്‍.ഡി.എഫ്.-അഞ്ച് , കോണ്ഗ്രസ് വിമതര്‍ മൂന്നു എന്നതാണ് കക്ഷിനില.
വരണാധികാരി ചാവക്കാട് വാണിജ്യ നികുതി ഓഫീസര്‍ ജയകൃഷണന്റെ കീഴിലായിരുന്നു വോട്ടെണ്ണല്‍.