ചാവക്കാട്: നഗര ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന ‘മാലിന്യക്കായല്‍’ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കെട്ടി നില്‍ക്കുന്ന മാലിന്യത്തില്‍ മഴവെള്ളവുമത്തെിയതോടെ മേഖലയാകെ ദുര്‍ഗന്ധമുയരുന്നു. ദുര്‍ഗന്ധം കാരണം മേഖലയിലെ വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വാതിലുകളടച്ചിട്ട്.
ചാവക്കാട് വടക്കേ ബൈപ്പാസ് റോഡിനോട് ചേര്‍ന്ന അമ്പത്തെ പാടമാണ് നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യവുമായൊഴുകുന്ന അഴുക്കു ചാലുകളുടെ സംഗമ ഭൂമിയായി മാറിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാജാ ട്രോഫി ഫുട്ബാള്‍ മത്സരം നടന്നിരുന്ന ഈ പാടം ഇപ്പോള്‍ കറുത്ത ജലം നിറഞ്ഞ ‘കായലാണ്”. വിവിധതരത്തിലുള്ള കൊതുകുകളും കോളിഫോം ഉള്‍പ്പടെയുള്ള ബാക്ടീരിയകളുടെയും ആവാസ കേന്ദ്രവും. ചാവക്കാട് ജങ്ക്ഷന്‍ മുതല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള കെട്ടിടങ്ങളില്‍ നിന്നുവരേയുള്ള മാലിന്യമാണ് ഈ പാടത്തേക്ക് ഒഴുക്കി വിടുന്നത്. മഴ ശക്തമാകുന്നതോടെ ഇവിടെ കെട്ടി നില്‍ക്കുന്ന ജലം പുറത്തേക്കൊഴുകി പലവഴികളിലൂടെ കണ്ണീക്കുത്തി തോടിലേക്കാണത്തെുന്നത്. അമൃത വിദ്യാലയം, സെന്‍്റ് ഫ്രാന്‍സിസ് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി വീടുകള്‍ക്കിയിലൂടെയാണീ തോട് മാലിന്യവുമായി ഒഴുകി ചക്കം കണ്ടം കായലില്‍ ചെന്നവസാനിക്കുന്നത്. ഈ കായലില്‍ ഗുരുവായൂരില്‍ നിന്നൊഴുകിയത്തെുന്ന മാലിന്യം കൂടാതെയാണ് ചാവക്കാട് നഗരസഭയില്‍ നിന്നുള്ള മാലിന്യവും കലരുന്നത്. ചക്കം കണ്ടം കായല്‍ ചേറ്റുവ പുഴയുമായി ചേര്‍ന്ന് കനോലി കനാലിലേക്കും വ്യാപിക്കുന്നുണ്ട്. ചാവക്കാട് നഗരസഭയിലെ വിവിധ ശീതളപാനിയകടകളും ഹോട്ടലുകളും റസ്റ്റോറണ്ടുകളും തട്ടുകടകളും പുറത്ത് നിന്നാണ് അവര്‍ക്കാവശ്യമുള്ള ശുദ്ധജലമത്തെിക്കുന്നത്. നഗരത്തിലെ ജല്രസാതസ്സുകളില്‍ കോളിം ഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനക്ക് വിധേയമാക്കിയിട്ടില്ല.
വര്‍ഷാവര്‍ഷം നഗരസഭയും ആരോഗ്യവകുപ്പും മഴക്കാല പൂര്‍വ രോഗങ്ങളെക്കുറിച്ചും കൊതുകു ജന്യ രോഗങ്ങളെക്കുറിച്ചും സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ അവിരാമം തുടരുന്നുണ്ടെങ്കിലും പൊതുജനാരോഗ്യത്തിനു വെല്ലുവിളിയാകുന്ന കൊതുകുകളുടെയും പ്രാണികളുടെയും മറ്റു രോഗാണുക്കളുടെയും പ്രജനന കേന്ദ്രമായ നഗര ഹൃദയത്തിലെ ഈ കറുത്തജലം നിറഞ്ഞ ‘കായലും’ അസഹ്യമായ നാറ്റവും അധികൃതര്‍ കാണാതെ പോകുകുകയാണെന്നാണ് നാട്ടുകാരുടേയും ഈ മേഖലയിലെ വ്യാപാരികളുടേയും ആക്ഷേപം.