ഗുരുവായൂര്‍ : റോഡരികില്‍ കണ്ടെത്തിയ ഉഗ്രവിഷമുള്ള വെള്ള വെമ്പാല നാട്ടുകാരെ ഒരു മണിക്കൂറോളം ഭീതിയുടെ മുള്‍മുനയിലാക്കി. മമ്മിയൂര്‍ കാട്ടുപാടം റോഡില്‍ ഉച്ചക്ക് രണ്ടോടെയാണ് നാലരയടിയോളം വലുപ്പമുള്ള വെള്ളവെമ്പാലയെ കണ്ടെത്തിയത്. കാനയുടെ അരികില്‍ കണ്ടെത്തിയ പാമ്പ് പത്തി വിടര്‍ത്തി സീല്‍ക്കാരം പുറപ്പെടുവിച്ചതോടെ വഴിയാത്രക്കാര്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവമറിഞ്ഞ് നൂറു കണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നാട്ടുകാര്‍ തടിച്ചു കൂടിയതോടെ ഇത് വഴിയുള്ള ഗതാഗതം തടസപെട്ടു. ഇരു ഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചു വിട്ടു. ജനവാസ പ്രദേശമായതിനാല്‍ പാമ്പ് സമീപത്തെ തോടിലേക്കിറങ്ങി രക്ഷപ്പെടുമെന്ന ഭയത്തിലായിരുന്നു നാട്ടുകാര്‍. മൂന്ന് മണിയോടെ തൊഴിയൂര്‍ ലൈഫ് കെയര്‍പ്രവര്‍ത്തകരായ കോട്ടപ്പടി സ്വദേശി ടി.പി പ്രബീഷ്, ഷഫീല്‍ തൊഴിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. ജനവാസ മേഖലയില്‍ അപൂര്‍വ്വമായി കാണുന്ന വെള്ളവെമ്പാലയെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് ഇവര്‍ അറിയിച്ചു.