പുന്നയൂർ: പ്രയോഗിക തലത്തിലേക്ക് എത്തുമ്പോൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന ലൈഫ് ഭവന പദ്ധതി തികച്ചും പരാജയത്തിലേക്ക് എത്തിചേരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്സൽ അഭിപ്രായപ്പെട്ടു. മുസ് ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചവടി സെന്ററിൽ ലൈഫ് ഭവനപദ്ധതി തട്ടിപ്പ്, എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള പ്രതിഷേധ സായാഹ്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയിരുന്ന പി.എം.എ.വൈ ഭവന പദ്ധതികളും വീട് റിപ്പയറിംഗ് പദ്ധതികളും ഗ്രാമസഭകളിൽ നിന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് കൊണ്ടായിരുന്നു. ഈ പദ്ധതികളെല്ലാം നിർത്തലാക്കി പകരം സർക്കാർ ലൈഫ് മിഷൻ പദ്ധതിയുമായി മുന്നോട്ട് പോവുമ്പോൾ ഏറെ തടസ്സം സൃഷ്ടിക്കുന്ന മാനദണ്ഡങ്ങൾ നിശ്ചയിച്ചും ധൃതിപ്പെട്ടുള്ള തിരഞ്ഞെടുക്കൽ രീതി കൊണ്ടും പതിനായിരക്കണക്കിന് അർഹരായ കുടുംബങ്ങൾ പുറത്ത് പോകുമെന്ന് അഫ്സൽ വിശദീകരിച്ചു. ഇടതു പക്ഷ സർക്കാർ നവ കേരളാ മിഷനിലൂടെ കൊണ്ട് വന്ന 3 പദ്ധതികളും ഊതിവീർപ്പിച്ച ബലൂണായിട്ടാണ് കേരള ജനതക്ക് ബോധ്യപ്പെട്ടതെങ്കിൽ ലൈഫ് മിഷൻ പദ്ധതി ഊതിവീർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ പൊട്ടുന്ന ബലൂണായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീടില്ലാത്ത അനേകം ആളുകൾക്ക് സാധ്യതകൾ നഷ്ടപ്പെടുത്തുന്ന മാനദണ്ഡങ്ങൾ സർക്കാർ തിരുത്താൻ തയ്യാറായില്ലെങ്കിൽ ജനപക്ഷത്തുനിന്ന് യൂത്ത് ലീഗ് ശക്തമായി സമരരംഗത്തിറങ്ങുമെന്ന് അഫ്സൽ സൂചിപ്പിച്ചു.
ആർ.പി ബഷീർ, എം.വി ഷെക്കീർ, മുട്ടിൽ ഖാലിദ്, കെ.കെ ഷംസുദ്ധീൻ, നായരടിക്കൽ ഉമ്മർ ഹാജി, വി.പി മൊയ്തു ഹാജി, എം.എം ഫൈസൽ, വി.എം റഹീം, എൻ.എച് സുഹൈൽ, എ.എം നൗഷാദ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ നൗഫൽ സ്വാഗതവും ട്രഷറർ സി.എസ് സുൽഫിക്കർ നന്ദിയും പറഞ്ഞു.