ജനകീയ ന്യായാധിപന്മാര്‍ ചാവക്കാട് നിന്നും വിട പറയുന്നു
ചാവക്കാട്: ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതി എന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ന്യായാധിപന്‍ എന്‍.ശേഷാദ്രിനാഥന്‍ സ്ഥലം മാറി പോകുന്നതോടെ ചാവക്കാടിന് നഷ്ടമാകുന്നത് ഒരു ജനകീയ ജഡ്ജിയെയാണ്. ചാവക്കാട് സബ് കോടതിയുടെ ആദ്യ ജഡ്ജിയായി ചുമതല ഏറ്റതു മുതല്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷക്കാലം പൂര്‍ത്തീകരിച്ച വേളയിലാണ് സ്ഥലമാറ്റം. സൗമ്യനും സാത്വികനുമായ ന്യായാധിപന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും സ്ഥലം മാറി പോവുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം പൂര്‍ണ്ണമായും കര്‍മ്മനിരതരായ ഇരുവരും ചാവക്കാടിന് വിസ്മരിക്കാനാകാത്ത ന്യായാധിപന്മാരാണ്.
കേസുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കുകയും സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങാതെ അധികാര പരിധിക്കകത്ത് നിന്നുകൊണ്ട് പൊതുപ്രശ്‌നങ്ങളിലും സിവില്‍ തര്‍ക്കങ്ങളിലും കുടുംബപ്രശ്‌നങ്ങളിലും ശാശ്വതപരിഹാരം ഉണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ന്യായാധിപന്മാരാണ് എന്‍.ശേഷാദ്രിനാഥനും, സുബ്രഹ്മണ്യന്‍ നമ്പൂതിരിയും. പതിനായിരക്കണക്കിന് കെട്ടിക്കിടക്കുന്ന വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ ഇരുവരും നടത്തിയ അദ്ധ്വാനം കോടതിജീവനക്കാരിലും അഭിഭാഷകസമൂഹത്തിലും പൊതുസമൂഹത്തിലും പ്രശംസനീയമാണ്.
സാധാരണക്കാര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പു വരുത്തിയ ന്യായാധിപന്മാര്‍ മാത്രമായിരുന്നില്ല, നീതി തേടിയെത്തുന്നവര്‍ ക്യൂവിലായിരുന്ന പതിറ്റാണ്ടുകളുടെ സ്ഥിതിക്ക് അത്ഭുതമായ മാറ്റമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ സംഭവിച്ചത്. ഔദ്യോഗിക പദവികള്‍ ഉപയോഗിച്ച് സാമൂഹ്യവിഷയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് പരിഹാരം നടപ്പാക്കി. ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലൂടെ സമൂഹം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ ഫലപ്രദമാക്കി. കുടിവെള്ളപ്രശ്‌നം, മാലിന്യപ്രശ്‌നം, ഗതാഗതപ്രശ്‌നം, റോഡ് അപകടസാധ്യതകള്‍, ധനസഹായ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് ആശ്വാസനടപടികള്‍. ഗുരുവായൂര്‍ ക്ഷേത്രനടയിലെ നൂറുകണക്കിന് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയും, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങി സമൂഹത്തില്‍ നീതിസംഗമവും നിയമബോധവല്‍ക്കരണത്തിനും തുടക്കമിട്ട് തര്‍ക്കരഹിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും, അഭിഭാഷകരോടും ജീവനക്കാരോടും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിച്ച ഈ ന്യായാധിപന്മാര്‍ ഗുരുവായൂരപ്പന്റെ പൂര്‍ണ്ണ ഭക്തരും കൂടിയാണ്.
ഏപ്രില്‍ 12ന് വേനല്‍കാല അവധിയുടെ ഭാഗമായി കോടതി അടക്കും. ചാവക്കാട് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടേയും, സബ് കോടതിയുടേയും, ബാര്‍ അസോസിയേഷന്റേയും നേതൃത്വത്തില്‍ കോടതിയങ്കണത്തില്‍ ജനകീയ ന്യായാധിപന്മാരുടെ യാത്രയയപ്പ് സംഗമം ചൊവ്വാഴ്ച ചാവക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എന്‍.രഞ്ജിത്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍, മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു.പി.ശ്രീനിവാസ് തുടങ്ങി അഭിഭാഷകരും കുടുംബങ്ങളും, കോടതി ജീവനക്കാരും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും.
Comments are closed.